Sorry, you need to enable JavaScript to visit this website.

അനുഛേദ വായനയും കർണന്റെ റോളും

റിപ്പബ്ലിക് ദിനത്തിന്റെ തലേന്നു തന്നെ ഇന്ത്യൻ ഭരണഘടനയുടെ 14 ാം അനുഛേദം കോ ൺ ഗ്രസുകാർ മോഡി - ഷാജിമാർക്ക് അയച്ചുകൊടുത്തതു നന്നായി. തങ്ങൾ വായിക്കാത്ത പുസ്തകങ്ങൾ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് ഉള്ളിൽ വിരോധമുള്ളവർക്ക് സമ്മാനമായി നൽകുന്ന ഏർപ്പാട് പണ്ടേയുള്ളതാണ്. പതിമൂന്നാം ആർട്ടിക്കിൾ വരെ വായിച്ചു കഴിയുമ്പോഴേക്കും നേരം വെളുക്കുന്നതിനാലാണ് ഭരണ കർത്താക്കൾ അടുത്ത അധ്യായം അടച്ചുവെച്ചത്. അതിന്റെ ദോഷം അനുഭവിക്കുന്നത് പാവം വോട്ടു ചെയ്ത പൊതുജനങ്ങളും! കോൺഗ്രസ് നേതാക്കൾക്ക് ഒന്നുകൂടി ചെയ്യാമായിരുന്നു; ഏതായാലും ധാരാളം പകർപ്പെടുത്തതല്ലേ? സ്വന്തം പാർട്ടി നേതാക്കൾക്കും അണികൾക്കും കൂടി മേൽപടി അനുഛേദം സമ്മാനിക്കാമായിരുന്നു. ഒരു റിപ്പബ്ലിക് ദിന സമ്മാനമായി അവർ അത് എടുത്തു ചുമലിൽ വെക്കുകയോ, കണ്ണാടി അലമാരയിൽ ഒതുക്കി വെക്കുകയോ ചെയ്യുമായിരുന്നു. വായിക്കുകയില്ല എന്ന കാര്യം ഉറപ്പ്! അതിനു കോൺഗ്രസ് വേറെ ജനിക്കണം! 1975 ലെ അടിയന്തരാവസ്ഥയെക്കുറിച്ച് അത്തരമൊരു കഥ കേട്ടിട്ടുണ്ട്- ഇന്ദിരാജിയുടെ എമർജൻസി പൊടിപൊടിക്കുന്നു. പെട്ടെന്ന് ഒരു സർക്കാർ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററന്മാരുടെ മുറിയിലേക്ക് പോലീസ് ഇരച്ചുകയറി. ചില്ലറ പോലീസല്ല, അക്കാലത്തെ പോലീസായിരുന്നു പോലീസ്! സാക്ഷാൽ ജയറാം പട്ടിക്കലിന്റെ ചരടുവലിക്കൊത്തു മാത്രം 'പെരുമാറുന്ന' കാക്കിയും വെള്ളയുമായ നിയമപാലകർ. നിയമത്തിന്റെ 'നി' പലപ്പോഴും ഒഴിവാക്കിയായിരുന്നു പെരുമാറ്റമെന്നു മാത്രം! എഡിറ്ററുടെ മുറിയിൽ കണ്ട ഒരു പുസ്തകം 'ഇന്ത്യൻ ഭരണഘടന' ആയിരുന്നു. ഇതെന്താടോ എന്നു ചോദ്യം. ഭരണഘടനയെന്നു മറുപടി 'നമ്പി ആരെന്നു ചോദിച്ചു, നമ്പിയാരെന്നു ചൊല്ലിനേൻ, നമ്പി കേട്ടതാ കോപിച്ചു, തമ്പുരാനേ ക്ഷമിക്കണേ' എന്ന പ്രാർഥനയൊന്നും വിലപ്പോവില്ല. എഡിറ്ററെ 'തട്ടി അകത്താക്കി' അതിനു മുമ്പോ അതിനു ശേഷമോ അന്നത്തെ ഭരണാധികാരി വർഗം ഭരണഘടന വായിച്ചതായി രേഖകളിലില്ല. പതിനാലാം അനുഛേദം ഛേദിച്ച് ചുരുട്ടിക്കൂട്ടി പുറത്തേക്കെറിയുമോ എന്നു മാത്രമാണ് സാധാ ജനങ്ങൾ ഉറ്റുനോക്കുന്നത്. 

****                         ****                            ****

ചില ഉത്സവ പരിപാടികളുടെ നോട്ടീസുകളിൽ പതിവായി കാണാറുള്ള വാചകമാണ്, പൂർവാധികം ഭംഗിയായി നടത്തപ്പെടും എന്ന പ്രഖ്യാപനം. വേണമല്ലോ! അത്രക്കല്ലേ പിരിവ്! കഴിഞ്ഞ കൊല്ലം ഏപ്രിൽ 15 ന് വിഷുക്കണി കണ്ട ദിവസം മുതൽ ആക്രാന്തം പൂണ്ട് ഓടുകയായിരുന്നു, നമ്മുടെ സാഹിത്യ സാംസ്‌കാരിക ദിവ്യന്മാർ! എന്നിട്ടെന്തുണ്ടായി? 93 വയസ്സു കഴിഞ്ഞ ഡോ. എൻ. ചന്ദ്രശേഖരൻ നായർക്കു മാത്രമാണ് സീനിയോറിറ്റി മുറയ്ക്ക് 'പത്മ' അവാർഡ് ലഭിച്ചത്! അതൽപം വൈകിപ്പോയി എന്നു നായർജി തന്നെ തുറന്നു പറഞ്ഞു. പഴയ മദ്യനിരോധന - സർവോദയ നേതാവായിരുന്ന എം.പി. മന്മഥൻ സാറിന്റെ മൂത്ത മരുമകന് കുറേക്കൂടി നേരത്തെ അവാർഡ് നൽകാമായിരുന്നു. അവാർഡ് തരപ്പെടുത്തുക എന്നൊരു പ്രയോഗമുണ്ട്. പക്ഷേ, ഇക്കുറി മലയാളികളിലെ പൂഴിക്കടകൻ വശമുള്ള ആർക്കും വേണ്ടിടത്ത് വേണ്ടപ്പോൾ വിദ്യ തോന്നിയില്ല. 
കഴിഞ്ഞ 25 വർഷങ്ങളായി ചില മഹാത്മാക്കൾ കൊണ്ടുപിടിച്ചു പരിശ്രമിച്ചു പോരുന്ന വിഷയമാണ് 'പത്മ.' ഇത്തവണ തിരക്ക് ഒരൽപം കുറഞ്ഞിരിക്കാം. 'പത്മ' എന്നാൽ താമര എന്നർഥം. നമ്മുടെ 'താമര പാർട്ടി' ജനിക്കുന്നതിനു കോടാനുകോടി വർഷങ്ങൾക്കു മുമ്പു തന്നെ താമര ഈ ഭൂമുഖത്തുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ 'ആരെങ്കിലും കണ്ടാലോ' എന്നു ഭയന്ന് ചില മാന്യദേഹങ്ങൾ ഒഴിഞ്ഞുമാറി നടപ്പാണ്. അവാർഡ് കിടച്ചു കഴിഞ്ഞയുടനെ 'ഞാൻ ഞെട്ടിപ്പോയി' എന്നു ഉളുപ്പില്ലാതെ പ്രഖ്യാപിക്കുന്ന വർഗങ്ങളിൽ ആർക്കും ഇക്കുറി ലോട്ടറിയടിച്ചില്ല എന്നതും കൗതുകകരം തന്നെ. നെറ്റിയിൽ 'തങ്കഭസ്മക്കുറിയിട്ട' ചിലർ നേടിയെടുത്തത് മറ്റൊരു കൗതുകം! ഏതായാലും 'പ്രസ്ഥാന'ത്തിനു വേണ്ടി ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ അഹോരാത്രം സേവിച്ചു നടന്ന പ്രൊഫ. ജി. ബാലചന്ദ്ര സാറിന് കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായാലുടനെ പത്മ അവാർഡുകളിൽ ഒരെണ്ണം തരപ്പെടും എന്നുറപ്പ്! അത്ര മാത്രം കണ്ണീരിൽ കുതിർന്നതാണ് കുതികാൽ വെട്ടികളുടെ ഇടയിൽ ഖദർധാരിയായി പിറന്നുപോയ അദ്ദേഹത്തിന്റെ കദന കഥ! 16 -ാം വയസ്സു മുതൽ അനുഭവിച്ചു തുടങ്ങിയതാണ്. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ, ആറ്റിങ്ങൽ ലോക്‌സഭാ സീറ്റ് തുടങ്ങിയവ പോട്ടെ, മൊബൈൽ ഫോൺ, അര ലക്ഷം രൂപ എന്നിവ മറ്റൊരു ഖദർധാരിക്കല്ലാതെ എങ്ങനെ അടിച്ചുമാറ്റാൻ കഴിയും? 

****                       ****                       ****

കെ.പി.സി. സി ഭാരവാഹികളെ  നിശ്ചയിച്ചതിൽ അനീതി കണ്ടെത്തിയ കെ. മുരളീധരൻ ഏറെ താമസിക്കാതെ കൊള്ളാവുന്ന ഏതെങ്കിലും അവാർഡിന് അർഹനാകും. 'താമരക്കുമ്പിളിലല്ല മമ ഹൃദയം' എന്നു തുറന്നു പറഞ്ഞ് അദ്ദേഹം കേന്ദ്ര ഭരണത്തിന്റെ വിരോധം മാത്രം നേടി. അനീതി എന്നതുകൊണ്ട് മുരളീധരൻ 'വ്യംഗ്യം' 'ധ്വാനി' എന്നൊക്കെ പറയുന്ന സാഹിത്യ - വ്യാകരണാദികളിൽ കേമനാണെന്നു തെളിയിച്ചു. ഉദാഹരണത്തിന് കോഴിക്കോട്ടു ബിലാത്തിക്കുളത്ത് 'തേജസ്' ഇല്ലത്തുനിന്ന് മുരളി, മോഹൻ ശങ്കറിനെ കോൺഗ്രസ് പടിക്കകത്തു കയറ്റിയ നടപടിയെ വിമർശിച്ചു. തത്സമയം തന്നെ കോട്ടയത്തുനിന്നും വനിതാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെയും വിമർശിച്ചു. സർവത്ര വിമർശന ശരങ്ങൾ! പത്മജാ വേണുഗോപാലിനെ ഭാരവാഹിയാക്കിയതിൽ നേരിട്ട് അമർഷം പ്രകടിപ്പിക്കാൻ കഴിയാത്ത സഹോദരന് മറ്റെന്തെങ്കിലും കണ്ടുപിടിച്ചേ മതിയാവൂ! അങ്ങനെ കഷ്ടകാലം മോഹൻ ശങ്കറിന്റെ തലക്ക് വീണു. പ്രശസ്ത കോൺഗ്രസ് നേതാവും എസ്.എൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയുമായ ആർ. ശങ്കറിന്റെ ഓമന പുത്രന് കെ.പി.സി.സിയുടെ പടി വാതിൽ കടക്കാൻ മുരളീധരന്റെ ഓശാരം വേണ്ട എന്ന് ആർക്കാണറിയാത്തത്? കുറച്ചൊരു കാലം രാഷ്ട്രീയ ബുദ്ധിഭ്രമത്തിന് അടിമയായിപ്പോയി മോഹൻ. ബി.ജെ.പിയിലേക്കു പോയതിന്റെ ഇരട്ടി സ്പീഡിലാണ് തിരികെ മാതൃപേടകത്തിന്റെ ഗേറ്റിലെത്തിയത്. കരുണാമയനും ഏകാന്ത പഥികനുമായ മുല്ലപ്പള്ളി കൈപിടിച്ച് അകത്തു കയറ്റി. ദുഃഖിതൻ ശങ്കറിന്റെ മകനാണെന്ന് തൽക്ഷണം തന്നെ കോൺഗ്രസിന്റെ മൊത്തവില സൂചിക നിയന്ത്രിക്കുന്ന കെ.സി. വേണുഗോപാൽ പരസ്യ പ്രസ്താവന ചെയ്തത് മോഹനെ രക്ഷിച്ചു. സമാനമായ സംഭവം കർണനു കിരീടം വെച്ചുകൊടുത്ത് മാനം രക്ഷിച്ച ദുര്യോധനന്റെ കഥയിൽ മാത്രമേ എത്ര ചികഞ്ഞാലും കണ്ടെത്താൻ കഴിയൂ. 
 

Latest News