Sorry, you need to enable JavaScript to visit this website.

റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്ക് സൗദിയിലേക്ക് മൂന്നു വർഷം പ്രവേശന വിലക്ക്

റിയാദ്- റീ എൻട്രി വിസയിൽ സൗദി വിട്ട ശേഷം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചുവരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. റീ-എൻട്രി വിസ കാലാവധി അവസാനിച്ച് മൂന്നു വർഷം പിന്നിടാതെ ഇവർക്ക് പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാനാകില്ല. എന്നാൽ പഴയ തൊഴിലുടമയുടെ അടുത്തേക്കുതന്നെ വീണ്ടും തിരിച്ചുവരുന്നവർക്ക് ഇത് ബാധകമല്ല.

ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് പോകുന്ന വിദേശികൾ ആശ്രിത ലെവി അടക്കൽ നിർബന്ധമാണ്. ആശ്രിത ലെവി നിലവിൽ വന്ന തീയതി മുതൽ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം വരെയുള്ള കാലത്തേക്കുള്ള ആശ്രിത ലെവിയാണ് ഇത്തരക്കാർ അടക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കഴിഞ്ഞ മാസാദ്യം മുതലാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽ വന്നത്. നിലവിൽ പ്രതിമാസം 100 റിയാൽ വീതമാണ് ആശ്രിതർക്ക് ലെവി അടക്കേണ്ടത്. 2018 ജൂലൈ മുതൽ 200 റിയാലും, 2019 ജൂലൈ മുതൽ 300 റിയാലും, 2020 ജൂലൈ മുതൽ 400 റിയാലുമായി ലെവി വർധിക്കും. 

അടുത്ത വർഷാദ്യം മുതൽ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവിയും വലിയ തോതിൽ ഉയർത്തും. നിലവിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി നൽകേണ്ടത്. അടുത്ത വർഷം മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി നിർബന്ധമാക്കും. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 2018 ജനുവരി ഒന്നു മുതൽ പ്രതിമാസം 300 റിയാലും 2019 ജനുവരി മുതൽ 500 റിയാലും 2020 ജനുവരി മുതൽ 700 റിയാലും ആണ് ലെവി നൽകേണ്ടിവരിക. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് ഇത് യഥാക്രമം 400, 600, 800 റിയാൽ തോതിലാകും. 

Latest News