Sorry, you need to enable JavaScript to visit this website.

വാഹനാപകടക്കേസുകളിൽ രണ്ട് മലയാളികൾക്ക്  അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം  

റിയാദ് - രണ്ട് വാഹനാപകടക്കേസുകളിൽ മരിച്ച മലയാളികളുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം ലഭിച്ചു. മലപ്പുറം സ്വദേശി അനീസ് ബാബുവിന്റെ കുടുംബത്തിന് രണ്ടേകാൽ ലക്ഷം റിയാലും കണ്ണൂർ സ്വദേശി അബ്ദുല്ലയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാലുമാണ് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലിൽ നഷ്ടപരിഹാരമായി ലഭിച്ചത്.
2017 ഒക്ടോബറിലാണ് അനീസ് ബാബു വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ സൗദി പൗരന്റെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ അനീസ് തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 


സൗദി പൗരന്റെ ഭാഗത്തായിരുന്നു 75 ശതമാനം തെറ്റ്. നഷ്ടപരിഹാരം ലഭിക്കാനായി ഇദ്ദേഹത്തിന്റെ അമ്മാവന്റെ പേരിലായിരുന്നു ബന്ധുക്കൾ വക്കാലത്ത് ഏൽപിച്ചിരുന്നത്. തുടർന്ന് സിദ്ദീഖ് തുവ്വൂർ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. രണ്ട് മാസം മുമ്പാണ് നഷ്ടപരിഹാരത്തുക ലഭിച്ചത്. 2015 സെപ്റ്റംബറിൽ അൽഖർജ് റോഡിലുണ്ടായ അപകടത്തിലാണ് അബ്ദുല്ല മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുവന്നു ഖബറടക്കി. റിയാദിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ പേരിലായിരുന്നു വക്കാല അയച്ചിരുന്നത്. ആശ്രിതർക്കായി ലഭിച്ച മൂന്നു ലക്ഷം റിയാലിന്റെ നഷ്ടപരിഹാരത്തുകയും നാട്ടിലേക്ക് അയച്ചുകൊടുത്തു.


നേരത്തെ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കൾക്കുളള ഒന്നര ലക്ഷം റിയാലിന്റെ നഷ്ടപരിഹാരവും സിദ്ദീഖ് വഴി അടുത്തിടെ ലഭിച്ചിട്ടുണ്ട്. വാഹനാപകടക്കേസുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയാൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ലഭ്യമാകുമെന്നും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ തയാറാണെന്നും സിദ്ദീഖ് പറഞ്ഞു.
അപകട മരണത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തത്തോടെ സൗദിയിലുള്ള ഒരാളെ കേസിനായി ചുമതലപ്പെടുത്തണം. ഇതിന്റെ രേഖകളും അനന്തരാവകാശ സർട്ടിഫിക്കറ്റും നോട്ടറി, സംസ്ഥാന ഹോം ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, സൗദിയിലെ ഇന്ത്യൻ എംബസി അല്ലെങ്കിൽ കോൺസുലേറ്റ് എന്നിവ അറ്റസ്റ്റ് ചെയ്യണം. രേഖകളിൽ ന്യൂദൽഹിയിലെ സൗദി എംബസി അല്ലെങ്കിൽ മുംബൈ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യൽ നിർബന്ധമില്ലെങ്കിലും ഈ അറ്റസ്റ്റേഷൻ ലഭിച്ചാൽ സൗദിയിലെ ഇന്ത്യൻ എംബസി അറ്റസ്റ്റേഷൻ ആവശ്യമില്ല. ശേഷം അവ അറബിയിലേക്ക് പരിഭാഷപ്പെടുത്തണം. സൗദിയിലെ വിദേശകാര്യ, നീതിന്യായ മന്ത്രാലയങ്ങളുടെ സാക്ഷ്യപ്പെടുത്തലും പൂർത്തിയായാൽ മാത്രമേ അനന്തര നടപടികളിലേക്ക് കടക്കാനാകൂ. 


രേഖകളുമായി ട്രാഫിക് പോലീസിൽ പോയി ഫയൽ കോടതിയിലെത്തിയെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം അപ്പോയ്ന്റ്‌മെന്റെടുത്ത് കോടതിയിലെത്തി കേസുമായി ബന്ധപ്പെട്ട വിധി അനുകൂലമാണോയെന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ അപ്പീൽ പോകാവുന്നതാണ്. നഷ്ടപരിഹാരമായി ലഭിക്കുന്ന പണം ഇന്ത്യൻ എംബസി വഴിയോ ഏൽപിച്ചയാൾ വഴിയോ നാട്ടിലെത്തിക്കാവുന്നതാണ്.
ഇൻഷുറൻസ് പരിരക്ഷയുള്ള കേസാണെങ്കിൽ അതത് ഇൻഷുറൻസ് കമ്പനിയിൽ കോടതി വിധിപ്പകർപ്പ് സമർപ്പിച്ചാൽ മതി. അവർ നഷ്ടപരിഹാരം നൽകും. എന്നാൽ പലപ്പോഴും അപകടക്കേസുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനാൽ ഇത്തരം നഷ്ടപരിഹാരത്തുക ബന്ധുക്കൾക്ക് ലഭിക്കാതെ പോകുന്നുണ്ട്.
 

Latest News