ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ പര്യടനം  ഫെബ്രുവരി 23ന് ആരംഭിക്കും 

ന്യൂദല്‍ഹി- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ പര്യടനം ഫെബ്രുവരി 23ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ആരംഭിക്കുന്ന പര്യടനത്തിനിടെ സബര്‍മതി നദീ തീരവും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് വരാനിരിക്കുന്നത്. ഉന്നതതല സന്ദര്‍ശനത്തിനുള്ള തീയതികള്‍ ഇരു സര്‍ക്കാരുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇക്കാര്യം ഇന്ത്യയും അമേരിക്കയും സജീവമായി ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ട്രംപ് സബര്‍മതി നദി സന്ദര്‍ശിക്കുന്ന കാര്യം പുറത്ത് വിട്ടത്. ദല്‍ഹി  നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച സബര്‍മതി നദി ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് വരും. അദ്ദേഹം സബര്‍മതി സന്ദര്‍ശിക്കുമെന്നും രൂപാനി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും തിയതികള്‍ ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.


 

Latest News