ചൈനയില്‍ ഗൂഗിള്‍ ഓഫീസുകള്‍ അടച്ചു 

ബീജിംഗ്- കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതിനൊപ്പം 124 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്‌വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിരിക്കുകയാണ്.
മാത്രമല്ല മക്‌ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്‌റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്.
വുഹാനിലുള്ള നാല് പാക്കിസ്ഥാനി വിദ്യാര്‍ത്ഥികള്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു.

Latest News