Sorry, you need to enable JavaScript to visit this website.

ജാമിഅ അക്രമിയുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു 

ന്യൂദല്‍ഹി-ജാമിഅയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത അക്രമിയുടെ അക്കൌണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയ വഴി സാമൂഹിക വിരുദ്ധ നീക്കങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് നീക്കം ചെയ്തത്.  വൈകിട്ട് 5.30 ഓടെയാണ് ഫേസ്ബുക്കിന്റെ നടപടി. ഇത്തരം അക്രമങ്ങള്‍ക്ക് മുതിരുന്നവര്‍ക്ക് ഫേസ്ബുക്കില്‍ ഇടമില്ലെന്നും അക്രമിയുടെ ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതായും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു. 
രാംഭക്ത് ഗോപാലിനെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ പോസ്റ്റുകളും തിരിച്ചറിഞ്ഞ് നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു. ജാമിഅ വെടിവെപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ വിവരങ്ങള്‍ ദില്ലി പോലീസ് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഫേസ്ബുക്ക് മറുപടി നല്‍കിയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വ്യാപകമായി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഫേസ്ബുക്ക് കമന്റ് ചെയ്യാനുള്ള സംവിധാനം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തലാക്കിയിരുന്നു. ജാമിഅ വെടിവെപ്പിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 

Latest News