Sorry, you need to enable JavaScript to visit this website.

വെടിയുതിർത്തത് വെറുപ്പിന്റെ പ്രചാരകൻ; പതിനേഴുകാരനെന്ന് പോലീസ്

ന്യൂദൽഹി- ദൽഹിയിൽ ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത അക്രമിക്ക് പതിനേഴ് വയസാണെന്നും സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിയതെന്നും പോലീസ്. ഇയാൾ പോയ ശേഷം കുടുംബം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ ജെവാറിൽനിന്നാണ് ഇയാൾ പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തിയത്. തന്റെ കറുത്ത ജാക്കറ്റിനകത്തായിരുന്നു തോക്ക് കരുതിവെച്ചത്. പ്രതിഷേധം നടക്കുന്ന സ്ഥലത്ത്‌നിന്ന് ഇയാൾ ഫെയ്‌സ്ബുക്കിൽ ലൈവ് സ്ട്രീം നടത്തുകയും ചെയ്തു. പ്രതിഷേധക്കാർക്കിടയിൽനിന്നായിരുന്നു ഇയാളുടെ ലൈവ്. ഇതിനിടയിൽ പെട്ടെന്നാണ് തോക്ക് പുറത്തെടുത്ത് വെടിവെപ്പ് തുടങ്ങിയത്. എല്ലാവർക്കും സ്വാതന്ത്ര്യം തരാം എന്ന് ആക്രോശിച്ചായിരുന്നു വെടിയുതിർത്തത്. മകന്റെ നടപടിയിൽ ഞെട്ടിത്തരിച്ചുവെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ അസ്വാഭാവികമായാണ് പെരുമാറുന്നതെന്ന് ഇയാളുടെ അമ്മാവൻ പറയുന്നത്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് ഇയാളുട സുഹൃത്ത് പറയുന്നത്. അതേസമയം ഇയാളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ നിറയെ പ്രകോപനപരമായ പോസ്റ്റുകളാണുള്ളത്. 
ഷഹീൻ ബാഗ്, കളി തീർന്നു, ഇവിടെയുള്ള ഏക ഹിന്ദു ഞാനാണ് തുടങ്ങിയ നിരവധി പോസ്റ്റുകൾ ഇയാൾ ഷെയർ ചെയ്തിട്ടുണ്ട്. എന്റെ അന്ത്യയാത്രയിൽ കാവി തുണി പുതപ്പിച്ച് ജയ് ശ്രീറാം വിളിച്ച് എന്നെ യാത്രയാക്കണമെന്നും മറ്റൊരു പോസ്റ്റുണ്ട്. ഇയാളുടെ അച്ഛൻ പുകയില കച്ചവടം നടത്തുന്നയാളാണ്. 
 

Latest News