ദമാം - ദഹ്‌റാനില്‍ വൃദ്ധന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അറാംകൊ ആശുപത്രിയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിക്കു മുന്നില്‍ ഡ്രൈവര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ചും മുന്‍വശത്തെ ചില്ല് തകര്‍ത്തും ആശുപത്രി ലോബിയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
കാര്‍ ആശുപത്രിയിലേക്ക് പാഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗദി വനിതയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്. മുന്‍കൂട്ടി ലഭിച്ച അപ്പോയിന്റ്‌മെന്റ് പ്രകാരം ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് യാദൃച്ഛികമായി അപകടത്തിന് താന്‍ ദൃക്‌സാക്ഷിയായതെന്ന് സൗദി വനിത പറഞ്ഞു.