Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരനോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാൻ മോഡി ആരാണ്-രാഹുൽ ഗാന്ധി

കൽപറ്റ- പ്രധാനമന്ത്രി നരേന്ദ്രമോഡിയും മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയും ഒരു ആശയത്തിന്റെ വക്താക്കളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽപ്പറ്റയിൽ ഭരണഘടന സംരക്ഷണറാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഗാന്ധിയെ വെടിവെച്ചുകൊല്ലുമ്പോൾ ഗോഡ്‌സെ ഗാന്ധിയുടെ കണ്ണിലേക്ക് നോക്കിയിരുന്നില്ല. മോഡിയും ജനങ്ങളുടെ കണ്ണിലേക്ക് നോക്കുന്നില്ല. ഭീരുക്കൾ ഒരിക്കലും മറ്റുള്ളവരുടെ കണ്ണിലേക്ക് നോക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊള്ളയടിക്കുകയാണ് മോഡിയും സംഘവും ചെയ്യുന്നത്. 
ഇന്ത്യൻ ആശയങ്ങളെ നരേന്ദ്രമോഡി വെല്ലുവിളിക്കുകയാണ്. ഇന്ത്യക്കാർക്ക് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പൗരത്വം തെളിയിക്കാൻ പറയാൻ നരേന്ദ്ര മോഡി ആരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇന്ത്യക്കാരനായി ജനിച്ചുവീണ ഒരാളോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടാനുള്ള അവകാശം മോഡിക്കില്ല. അത് അംഗീകരിക്കുന്ന പ്രശ്‌നവുമില്ല. 
ഇന്ത്യക്കെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. യുവാക്കളുടെ ഭാവി ഇല്ലാതായി. വിശ്വാസത്തിന്റെ പേരിൽ ആളുകളെ തുറങ്കിലടയ്ക്കുന്ന അവസ്ഥയുണ്ടെന്നും രാഹുൽ പറഞ്ഞു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
 

Latest News