ബിജ്‌നോര്‍- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കലാപത്തിനും കൊലപാതകങ്ങള്‍ക്കും ശ്രമിച്ചുവെന്ന് ആരോപിച്ച് യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 48 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ മാസം നടന്ന പ്രതിഷേധം അക്രമാസക്തമായെന്നാരോപിച്ച് പോലീസ് ഫയല്‍ ചെയ്ത കേസിലാണ് തെളിവില്ലെന്ന് പറഞ്ഞ് കോടതി അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചത്. വന്‍തോതിലുള്ള കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യു.പി ജില്ലകളിലൊന്നാണ് ദല്‍ഹിയില്‍നിന്ന് 161 കി.മീ അകലെയുള്ള ബിജ്‌നോര്‍.
ഡിസംബര്‍ 20ന് ഇവിടെ നടന്ന സമരത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് അധികൃതര്‍ സമ്മതിച്ചിരുന്നത്. സംസ്ഥാനത്തുണ്ടായ നിരവധി മരണങ്ങളില്‍ ഈ ഒരു മരണത്തിന്റെ ഉത്തരവാദിത്തം മാത്രമാണ് പോലീസ് ഏറ്റെടുത്തത്.
ബിജനോറില്‍ അക്രമം നടന്ന നാഗിന പട്ടണത്തില്‍നിന്ന് 83 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഡിസംബര്‍ 20-ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പ്രതിഷേധപ്രകടനം നടത്തിയിരുന്നത്. ആയരിക്കണക്കിനാളുകള്‍ പ്രകോപനമില്ലാതെ സ്വകാര്യ വാഹനങ്ങളും കടകളും തകര്‍ത്തുവെന്നാണ് പോലീസ് എഫ്.ഐ.ആര്‍.
ജനക്കൂട്ടം പോലീസിനുനേരെ വെടിവെച്ചുവെന്ന ആരോപണത്തിനു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പിടിച്ചെടുത്ത ആയുധങ്ങള്‍ എവിടെയെന്നു ചോദിച്ചാണ് 83 പ്രതികളില്‍ 48 പേര്‍ക്ക് ജാമ്യം അനുവദിച്ചത്.
ഏതെങ്കിലും തെളിവ് ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പരാജയപ്പെട്ടുവെന്നു ജനക്കൂട്ടത്തിലെ ആരെങ്കിലും പോലീസിനുനേരെ വെടിവെച്ചുവെന്ന് വിശ്വസിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു.






