Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ: വലിയ സ്വാഗതം ലഭിക്കാതെ ട്രംപ്, മറ്റു മാർഗമില്ലാതെ ഫലസ്തീനികൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫലസ്തീൻ സമാധാന പദ്ധതിക്കെതിരെ ഗാസയിൽ പ്രതിഷേധിക്കുന്നവർ

റാമല്ല-  യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങൾ ഫലസ്തീനികൾ നിരസിച്ചുവെങ്കിലും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളും തന്ത്രപ്രധാന ഭാഗങ്ങളും കൂട്ടിച്ചേർത്തുകൊണ്ട് ഇസ്രായിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തുടങ്ങിയാൽ അവർക്ക് മറ്റ് മാർഗമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ട്രംപിന്റെ പ്രഖ്യാപനം ജൂത രാജ്യത്തിന് ജറൂസലമിന്റെ പൂർണ നിയന്ത്രണം നൽകുകയും വെസ്റ്റ് ബാങ്കിന്റെ തന്ത്രപ്രധാനയ പ്രദേശമായ ജോർദാൻ താഴ്‌വരയും ഫലസ്തീൻ പ്രദേശത്തിന്റെ ഭാഗമായ കുടിയേറ്റ സ്ഥലങ്ങളും കൂട്ടിച്ചേർക്കാനും അനുവദിക്കുന്നു.
പകരമായി, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ബാക്കി ഭാഗങ്ങൾ ചേർത്ത് ഫലസ്തീനികൾക്ക് ഒരു രാഷ്ട്രവും കോടിക്കണക്കിന് ഡോളർ സഹായവും നിക്ഷേപവുമാണ് വാഗ്ദാനം.
രാഷ്ട്രീയ രംഗത്തെ ഫലസ്തീനികൾ ഒന്നാകെ ട്രംപ് പദ്ധതിയെ അപലപിച്ചു.


മറ്റു രാജ്യങ്ങൾ സമാധാന ചർച്ചകളുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഫലസ്തീൻ മുഖ്യ ദൂതൻ സാഇബ് എറക്കാത്ത് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതി. എന്നാൽ ഇതുവരെ കാര്യമായ അന്താരാഷ്ട്ര പ്രതികരണം ട്രംപിന്റെ പ്രഖ്യാപനത്തിൽ ഉണ്ടായിട്ടില്ല. യു.എസിനും ഇസ്രായിലിനും മേൽ ശക്തമായ ബാഹ്യ സമ്മർദത്തിന്റെ സൂചനകളുണ്ടുതാനും.
മാർച്ച് രണ്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ഫലസ്തീൻ പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനാണ്  ഇസ്രായിൽ നീക്കം. പല ഘടകങ്ങളാൽ ഫലസ്തീന് മറ്റു വഴികൾ പരിമിതപ്പെട്ടിരിക്കുകയാണെന്ന് യൂറോപ്യൻ കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസിലെ ഇസ്രായിൽ-ഫലസ്തീൻ അനലിസ്റ്റ് ഹഗ് ലോവാട്ട് പറഞ്ഞു.
'ഒന്നാമതായി അവർക്കിടയിൽ തന്നെ ഐക്യമില്ല. രണ്ടാമതായി പ്രാദേശികമായ സമ്മർദങ്ങൾ, മൂന്നാമത് യൂറോപ്യന്മാർക്കിടയിലെ വിഭജനം.'
ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന അബ്ബാസിന്റെ വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള സർക്കാറും ഹമാസിലെ ഇസ്‌ലാമിസ്റ്റുകളും തമ്മിൽ കടുത്ത ഭിന്നതയിലാണ്. ദശാബ്ദമായി തുടരുന്ന തർക്കത്തിനിടയിലും ട്രംപിന്റെ നിലപാടിനെതിരെ എതിർപ്പ് പങ്കിടുന്നതിനാൽ ചൊവ്വാഴ്ച അവർ സംയുക്ത യോഗം ചേർന്നു.
ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ട്രംപ് പദ്ധതിക്കെതിരായ അന്താരാഷ്ട്ര പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടതായും അതുവെച്ച് തങ്ങൾ മുന്നോട്ടു പോകുമെന്നും പറഞ്ഞു.


സമാധാന ചർച്ചകൾക്കുള്ള പദ്ധതിയെ സുപ്രധാന ആരംഭം എന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് വിശേഷിപ്പിച്ചു. ട്രംപിന്റെ പ്രഖ്യാപനം പഠിക്കാം എന്നാണ് പൊതുവെ മേഖലയിലെ വികാരം.
ഇസ്രായിൽ പിടിച്ചെടുക്കലുമായി മുന്നോട്ട് പോയാൽ എത്രത്തോളം കാർക്കശ്യത്തോടെ പ്രതികരിക്കണമെന്ന കാര്യത്തിൽ യൂറോപ്യൻ യൂനിയനും ഭിന്നതയിലാണെന്ന് നയതന്ത്രജ്ഞർ പറയുന്നു.
ബുധനാഴ്ച നടന്ന ഒരു യോഗത്തിൽ എറക്കാത്ത് യൂറോപ്യൻ യൂനിയൻ പ്രതിനിധികളെ സന്ദർശിക്കുകയും ദീർഘകാലാവശ്യമായ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ആവശ്യപ്പെട്ടതായും രണ്ട് നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ സമവായം അകലെയാണ്. ഹങ്കറി, സ്വീഡൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായിലിനെ അനുകൂലിക്കുന്ന നടപടികളെ എതിർക്കുന്നു. യൂറോപ്യൻ യൂനിയന് ഇക്കാര്യത്തിൽ മുമ്പേ വ്യക്തമായ നിലപാടുണ്ടെന്നും ഫലസ്തീൻ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിനെ എതിർക്കുന്നതാണ് അതെന്നും ഒരു യൂറോപ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. 
അറബ് ലീഗ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഈജിപ്ത് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 


ഇസ്രായിലിനോടും പലസ്തീനികളോടും സമാധാനം കൈവരിക്കാനുള്ള യു.എസ് കാഴ്ചപ്പാടിനെ സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുമ്പ് അറബ് ലീഗ് യോഗത്തിനായി അബ്ബാസ് കയ്‌റോയിലേക്ക് പോകുന്നുണ്ട്.
യുഎസ്, ഇസ്രായിൽ സമ്മർദത്തെ നേരിടാൻ ഫലസ്തീൻ നിലപാടിന് അബ്ബാസ് പിന്തുണ അഭ്യർഥിക്കുമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി എ.എഫ്.പിയോട് പറഞ്ഞു.
ഫലസ്തീൻ പ്രദേശങ്ങൾ കൂട്ടിച്ചേർത്താൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ട്രംപിന്റെ പദ്ധതിയെ എതിർക്കാൻ 'ജനകീയ' പ്രസ്ഥാനത്തിന് അബ്ബാസ് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധം താരതമ്യേന ചെറുതായിരുന്നു.
ഇസ്രായിൽ പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ജോർദാൻ താഴ്‌വരയിൽ ബുധനാഴ്ച നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.
ഇസ്രായിൽ അനുകൂല നിലപാടിനെത്തുടർന്ന് 2017 മുതൽ ട്രംപ് ഭരണകൂടത്തെ ബഹിഷ്‌കരിക്കുന്ന അബ്ബാസ്, നവംബർ തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഇസ്രായിൽ ഏറ്റെടുക്കലുമായി മുന്നോട്ട് പോയാൽ, അറബ് നിലപാട് ഏകോപിപ്പിക്കാനായിരിക്കും അബ്ബാസിന്റെ ശ്രമം.  


ഗാസയിൽ ആയിരക്കണക്കിന് ആളുകൾ ചൊവ്വാഴ്ച പദ്ധതിയെ എതിർത്ത് പ്രകടനം നടത്തി.
2008 മുതൽ ഇസ്രായിലുമായി മൂന്ന് യുദ്ധങ്ങൾ നടത്തിയ ഹമാസിന് മറ്റൊരു വിനാശകരമായ സംഘട്ടനത്തിന് തീരെ ആഗ്രഹമില്ലെന്ന് നിരീക്ഷകർ പറയുന്നു.
ഹമാസും ഇസ്‌ലാമിക് ജിഹാദും ഇപ്പോൾ അത്തരം പ്രവൃത്തികളിൽനിന്ന് മാറിനിൽക്കുകയും പ്രസിഡന്റ് അബ്ബാസുമായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് കരുതുന്നതായി ഗാസയിലെ രാഷ്ട്രീയ നിരീക്ഷകൻ പ്രൊഫസർ ജമാൽ അൽ ഫാദി പറഞ്ഞു.

 

 

Latest News