Sorry, you need to enable JavaScript to visit this website.

പോലീസ് സ്റ്റേഷനുകളില്‍ ഇനി സിനിമാ ചിത്രീകരണമില്ല 

തിരുവനന്തപുരം- ഇനി മുതല്‍ യഥാര്‍ഥ പൊലീസ് സ്‌റ്റേഷനുകള്‍ സിനിമയ്ക്ക് ഷൂട്ടിങ്ങിനായി നല്‍കേണ്ടെന്ന് ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം എ.ഡി.ജി.പി.മാര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുള്ളവരെ അറിയിച്ചു കഴിഞ്ഞു. സ്‌റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്നും പൊലീസ് സ്‌റ്റേഷനുകള്‍പോലുള്ള അതീവജാഗ്രതാ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്നും സി.ഐ.മാരെ അറിയിച്ചു.
കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കല്‍കോളേജ് പൊലീസ് സ്‌റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്‌റ്റേഷന്‍പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്‌റ്റേഷനില്‍ പ്രവേശിക്കാന്‍ കഴിയാതെയായി. ഇതിനിടെ പോലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. പിന്നീട് സി.ഐ. ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Latest News