Sorry, you need to enable JavaScript to visit this website.

മലയാളം ന്യൂസ് വാർത്ത തുണച്ചു, ജയരാജന്റെ സ്വപ്‌നങ്ങൾക്ക് ചിറകു നൽകി എം.എ യൂസഫലിയുടെ കാരുണ്യം 

കോട്ടയം ഏറ്റുമാനൂർ പോരൂർ വടക്കേ പുളന്താനത്ത് ജയരാജ(48)ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നൽകിയ അത്യാധുനിക  രീതിയിൽ നിർമ്മിച്ച ഇലക്ട്രോണിക് വീൽ ചെയർ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് കൈമാറുന്നു.

കോട്ടയം -  ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീണുപോയ ജയരാജന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കാരുണ്യം.  ഒമ്പത് വർഷം മുമ്പ് പനയിൽ നിന്ന് വീണ് ശരീരം തളർന്ന് വർഷങ്ങളായി കിടപ്പിലായിപ്പോയ കോട്ടയം ഏറ്റുമാനൂർ പേരൂർ വടക്കേ പുളന്താനത്ത് ജയരാജ (48) ന്റെ ഇഴയുന്ന ജീവിതത്തെക്കുറിച്ച്്് മലയാളം ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ കൈമാറിയ അത്യാധുനിക ഇലക്ട്രോണിക് വീൽചെയറിൽ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങിയപ്പോൾ ചിറക് തിരിച്ചു കിട്ടിയ പക്ഷിയുടെ ആഹ്ലാദമായി. 
നാട്ടിൽ കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജൻ പനയിൽ കയറി ഓല വെട്ടുന്നതിനിടയിലാണ് ഉയരത്തിൽനിന്ന് പിടിവിട്ട് താഴെ വീണത്. നട്ടെല്ല് പലസ്ഥലത്തും ഒടിഞ്ഞ് അതീവഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയരാജൻ അതോടെ ശരീരത്തിന്റെ പകുതി ഭാഗവും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി. പരസഹായമില്ലാതെ മലമൂത്ര വിസർജനം പോലും നടത്താൻ കഴിയാതെ ഒമ്പത് വർഷമായി ദുരിതജീവിതം നയിച്ചുവരികയാണ് ഇദ്ദേഹം. 
 നല്ലൊരു വീൽചെയർ കിട്ടിയാൽ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയിൽ ജയരാജൻ സോഷ്യൽ മീഡിയയിലൂടെയും യൂസഫലിയോട് നിരന്തരം അഭ്യർഥിച്ചിരുന്നു.  അഭ്യർഥന ശ്രദ്ധയിൽപെട്ട എം. എ യൂസഫലി ജയരാജനെക്കുറിച്ച് അന്വേഷിക്കുകയും ദയനീയാവസ്ഥ മനസ്സിലാക്കി ബംഗളൂരുവിൽ നിന്നും പ്രത്യേകമായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീൽചെയർ നൽകുകയുമായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയാ കോ ഓർഡിനേറ്റർ എൻ.ബി സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീൽചെയർ കൈമാറി.


ഹോട്ടൽ പണിക്ക് പോകുന്ന മകന് ദിവസവും കിട്ടുന്ന 500 രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനം. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് മകളും രണ്ടു കുട്ടികളും നാല് സെന്റിലുള്ള ഈ കൊച്ചു വീട്ടിലുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണതോടെ കുടുംബത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമായി. തകർന്ന ഭാഗം ബാനറും ഷീറ്റും വെച്ച് മറച്ചാണ് താമസം. ജയരാജന് ദിവസവും വേണ്ടിവരുന്ന മരുന്ന് പാലിയേറ്റീവ് കെയർ പ്രവർത്തകർ നൽകുന്നുണ്ട്. ചില മരുന്നുകൾ സ്വന്തമായി വാങ്ങണം. കിടന്നും കസേരയിൽ ഇരുന്നും കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ പേപ്പർ പേന നിർമാണം ജയരാജനിൽനിന്ന് വില നൽകി വാങ്ങി ജയരാജന് പിന്തുണ അറിയിച്ചാണ് ലുലുവിൽനിന്നും എത്തിയവർ മടങ്ങിയത്.

Latest News