Sorry, you need to enable JavaScript to visit this website.

ജറൂസലം വില്‍പനക്കുള്ളതല്ല; ട്രംപിന്റെ പദ്ധതി തള്ളി മഹ്മൂദ് അബ്ബാസ്

റാമല്ല- ജറൂസലം വില്‍പനക്കുള്ളതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും അഭിസംബോധന ചെയ്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. നിങ്ങളുടെ ഗൂഢാലോചനാ ഇടപാട് വിജയിക്കില്ല. മുന്‍കാലങ്ങളിലെ പോലെ ഈ ഗൂഢാലോചനയും ഫലസ്തീനികള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും. ജറൂസലമിനും ഫലസ്തീനും വേണ്ടി  ജീവത്യാഗങ്ങള്‍ നടത്തിയ ഫലസ്തീനികള്‍ക്കായിരിക്കും അന്തിമ വിജയം. ഫലസ്തീനികളുടെയും രാജ്യത്തു നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും- അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ച പുതിയ സമാധാന പദ്ധതിയെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ഫലസ്തീന്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ കയ്‌റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് അറബ് വിദേശ മന്ത്രിമാര്‍ ശനിയാഴ്ച അടിയന്തിര യോഗം ചേരും. ഫലസ്തീനിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അടിയന്തിര യോഗം. ഫലസ്തീന്‍ പ്രശ്‌നം ഒരിക്കലും സാമ്പത്തികമായിരുന്നില്ലെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹുസാം സക്കി പറഞ്ഞു. ഇതിന് രാഷ്ട്രീയ പരിഹാരമാണ് കാണേണ്ടത്. രാഷ്ട്രീയ പരിഹാരത്തിനു പകരം സാമ്പത്തിക ഉത്തേജനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹുസാം സക്കി പറഞ്ഞു.
ട്രംപിന്റെ സമാധാന പദ്ധതിയില്‍ ഫലസ്തീന്‍ തലസ്ഥാനമായി നിര്‍ദേശിക്കപ്പെടുന്നത് ജറൂസലം ഗവര്‍ണറേറ്റില്‍ പെട്ട അബൂദീസ് ഗ്രാമമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു. ട്രംപിന്റെ പദ്ധതി പ്രകാരം ഫലസതീന്‍ അഭയാര്‍ഥികള്‍ക്ക് ഇസ്രായിലിലേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു.

 

Latest News