ജെഡിയുവില്‍ പൊട്ടിത്തെറി; നിതീഷുമായി ഇടഞ്ഞ പ്രശാന്ത് കിശോറും പവന്‍ വര്‍മയും പുറത്ത്

പട്‌ന- പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ ജെഡിയു നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി ദേശീയ നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിശോറിനേയും മുതിര്‍ന്ന നേതാവ് പവന്‍ വര്‍മയേയും ജെഡിയു പുറത്താക്കി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും വാക്താവുമാണ് വർമ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ തമ്മിലുള്ള രൂക്ഷമായ വാക്‌പോര് തുടരുന്നതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ ബുധനാഴ്ച പാര്‍ട്ടി നടപടി. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എന്ന പദവി പ്രശാന്ത് കിശോര്‍ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി വിട്ടു പോകാനുള്ള അവസരം നല്‍കിയിട്ടും പാര്‍ട്ടി അധ്യക്ഷനെതിരെ അനാവശ്യ പ്രസ്താവനകള്‍ തുടർന്നുവെന്നാണ് പ്രശാന്തിനെതിരായ ആരോപണം. ഇനിയും നിലവാരം താഴുന്നതിനു മുമ്പ് പാര്‍ട്ടിക്കു പുറത്തു പോകുക എന്നതാണ് പ്രധാനമെന്നും പ്രസ്താവനയില്‍ പറയുന്നു. 

പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിന് എഴുതിയ സ്വകാര്യ കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തി പാര്‍ട്ടിയെ അപമാനിച്ചുവെന്നാണ് പവന്‍ വര്‍മയ്‌ക്കെതിരായ കുറ്റാരോപണം. പ്രശാന്ത് കിശോറിനും പവന്‍ വര്‍മയ്ക്കും പാര്‍ട്ടി ചട്ടങ്ങളോട് കൂറില്ലെന്നും അതു കൊണ്ടു തന്നെ അവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണെന്നും ജെഡിയു പ്രസ്താവനയിലൂടെ അറിയിച്ചു.

'നിതീഷ് കുമാറിന്' നന്ദി എന്നായിരുന്നു പുറത്താക്കിയ നടപടിയോട്   പ്രശാന്ത് കിശോറിന്റെ പ്രതികരണം. ബിഹാര്‍ മുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ എല്ലാ ആശംസകള്‍ നേരുന്നതായും അദ്ദേഹം ട്വീറ്റിലൂടെ പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെ പവന്‍ വര്‍മ ശക്തമായ നിലപാട് സ്വീകരിച്ചതാണ് നിതീഷിനെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് നിതീഷ് കുമാര്‍ പ്രത്യയശാസ്ത്രപരമായ വ്യക്തത നല്‍കണമെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ പവന്‍ വര്‍മ ആവശ്യപ്പെട്ടതോട് പോര് രൂക്ഷമാകുകയായിരുന്നു.
 

Latest News