സ്ഥലം വിളിച്ചുപറയാൻ കൊണ്ടോട്ടി സ്റ്റാന്റിൽ ഇനി ഒ.കെയില്ല

കൊണ്ടോട്ടി- മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വഴി യാത്ര ചെയ്തവരുടെ കണ്ണിൽ ഒരിക്കലെങ്കിലും പെട്ട ഒ.കെ മുഹമ്മദ് ഹാജി ഇനി ഓർമ്മ. ജീവിതം മുഴുവൻ മുസ്ലിം ലീഗിനുവേണ്ടി മാറ്റിവെച്ച ഒ.കെ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ പോർട്ടറായാണ് ജീവിതം ആരംഭിച്ചത്. കൊണ്ടോട്ടിയിൽ ബസുകളുടെ സ്ഥലപ്പേര് വിളിച്ചുപറഞ്ഞ് ആറു പതിറ്റാണ്ടോളം ഒ.കെയുണ്ടായിരുന്നു. പഴമയിൽനിന്ന് ആധുനികതയിലേക്ക് കൊണ്ടോട്ടി മാറിയപ്പോഴും തലയിൽ വെളുത്ത തൊപ്പിയും നീണ്ട താടിയുമായി ഒ.കെ ബസ് സ്റ്റാന്റിൽ തന്നെയുണ്ടായിരുന്നു. പാർട്ടിയുടെ പ്രാസംഗികനും അനൗൺസറുമായുമൊക്കെ പ്രവർത്തിച്ച ഒ.കെ ലീഗ് നേതാക്കളുമായി അടുത്ത ബന്ധവും പുലർത്തി. 


കൊണ്ടോട്ടിക്ക് സമീപം നീറാട് പരേതനായ വെളിയത്തിൽ ഓടക്കൽ ഉണ്ണീൻ കുട്ടി-ഇണ്ണീമ ദമ്പതികളുടെ മകനായ ഒ.കെ മുഹമ്മദ് പന്ത്രണ്ടാം വയസിലാണ് കൊണ്ടോട്ടി സ്റ്റാന്റിൽ എത്തിയത്. പിതാവ് ഉണ്ണീൻ കുട്ടി ഇവിടുത്തെ പോർട്ടറായിരുന്നു. അദ്ദേഹത്തെ സഹായിക്കാനാണ് ഒ.കെയും എത്തിയത്. പോലീസ് സ്‌റ്റേഷൻ പരിസരത്തായിരുന്നു അന്ന് കൊണ്ടോട്ടി ബസ് സ്റ്റാന്റ്. പിന്നീട് ഇവിടെ എത്തുന്നവർക്ക് ബസുകളുടെ സമയവും സ്ഥലവും വിളിച്ചുപറഞ്ഞുകൊടുത്ത് സദാസമയവും സഹായവുമായി രംഗത്തെത്തി. ലീഗിന് വേണ്ടി പ്രസംഗിക്കാനും ഒ.കെ സമയം കണ്ടെത്തിയിരുന്നു. പാണക്കാട് നടക്കുന്ന നിർണായക മുസ്്‌ലിം ലീഗ് യോഗങ്ങളിലും വിവരം ആദ്യമറിയാൻ ഒ.കെ എത്താറുണ്ടായിരുന്നു. ലീഗിന് വേണ്ടി ജീവിതം മാറ്റിവെച്ച ഒരാളാണ് അരങ്ങൊഴിയുന്നത്.

Latest News