ജിദ്ദ- സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാത്ത വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്നും ഇത്തരക്കാരെ പോലീസിന് അറസ്റ്റ് ചെയ്യാമെന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് വക്താവ് കേണൽ ത്വാരിഖ് അൽറബീആൻ വ്യക്തമാക്കി. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനം വിദേശികൾ ഓടിക്കുന്നപക്ഷം 6,000 റിയാൽ പിഴവരെ സ്‌പോൺസറിൽനിന്ന് ഈടാക്കുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ട്രാഫിക് വിഭാഗം വക്താവ്. സ്വന്തം പേരിൽ അല്ലാത്ത വാഹനം ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനത്തിന്റെ പരിധിയിൽ വരുന്നില്ല. ഇത് സുരക്ഷാ, ക്രിമിനൽ നിയമലംഘനമായതിനാൽ പോലീസാണ് കൈകാര്യം ചെയ്യേണ്ടത്. അതിനാൽ സ്‌പോൺസർക്കും കീഴിലുള്ള തൊഴിലാളികൾക്കും പിഴ ചുമത്തുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ത്വാരിഖ് അൽറബീആൻ പറഞ്ഞു.
സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത വാഹനം മാത്രം ഓടിക്കുന്നതാവും സ്വദേശികൾക്കും വിദേശികൾക്കും അഭികാമ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സാഹിർ നിയമലംഘനത്തിന് ഫോട്ടോ വ്യക്തത നിർബന്ധം
ജിദ്ദ- സാഹിർ, ബാശിർ നിരീക്ഷണ ക്യാമറകൾ വഴി ട്രാഫിക് നിയമലംഘനം രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോട്ടോയിൽ വ്യക്തത വേണമെന്ന് വ്യവസ്ഥ. ഇതുസംബന്ധിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മേധാവി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽസഹ്‌റാനി പ്രവിശ്യാ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്ക് നിർദേശം നൽകി. സാഹിർ ക്യാമറകൾ ഓട്ടോമാറ്റിക്കായി എടുക്കുന്ന ചിത്രങ്ങളിൽ വ്യക്തതയില്ലെങ്കിൽ ഇപ്രകാരം രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കാനും അദ്ദേഹം ഉത്തരവിട്ടു.
നിയമലംഘനങ്ങളുടെ വിശദാംശങ്ങൾ പൂർണമായും അറിയേണ്ടതുണ്ട്. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് ഉദ്യോഗസ്ഥന് നേരിട്ട് കണ്ടുപിടിക്കാൻ കഴിയുംവിധം നിയമലംഘനം സാഹിർ ഫോട്ടോകളിൽ വ്യക്തമായിരിക്കണമെന്നത് നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.