ഇന്ത്യക്ക് ഇനി അംബാനിയുടെ വക പ്ലാസ്റ്റിക് റോഡുകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മഹാരാഷ്ട്ര നാഗോതാനെ മാനുഫാക്ചറിംഗ് ഡിവിഷന്‍ ഭാഗികമായി പ്ലാസ്റ്റിക്കു കൊണ്ട് നിര്‍മിച്ച റോഡിലൂടെ വരുന്ന ട്രക്ക്.

മുംബൈ- രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യം വലിയ ഭീഷണിയായിരിക്കെ റോഡ് നിര്‍മാണത്തിനായി പ്ലാസ്റ്റിക് ചേര്‍ത്ത മിശ്രിതവുമായി  പെട്രോകെമിക്കല്‍ ഭീമനും രാജ്യത്തെ അതിസമ്പന്നനുമായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി.
വര്‍ഷം 14 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഇന്ത്യയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഇനിയും ഫലപ്രദമായ സംഘടിത സംവിധാനമില്ലാത്തതു കൊണ്ടുതന്നെ വലിയ മാലിന്യ പ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്.
ഒറ്റ ഉപയോഗിത്തിനുള്ള പ്ലാസ്റ്റിക്കിന്റെ ഉപഭോഗം 2022 ഓടെ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരുന്നു.  
ഇന്ത്യക്കാര്‍ പ്ലാസ്റ്റിക്കിനോടല്ല, മലിനീകരണത്തോടാണ് പൊരുതേണ്ടതെന്ന് പ്ലാസ്റ്റിക്ക് മിശ്രിതം പുറത്തിറക്കിയ ചടങ്ങില്‍ റിലയന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ ഹൈവേ അതോറിറ്റിക്കും സംസ്ഥാനങ്ങള്‍ക്കും റോഡ് നിര്‍മാണത്തിനായി പ്ലാസ്റ്റിക്ക് കലര്‍ന്ന മിശ്രിതം നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
കാരി ബാഗുകള്‍ക്കും  ലഘുഭക്ഷണങ്ങള്‍ പൊതിയാനും മറ്റും ഉപയോഗിക്കുന്ന ലൈറ്റ് പ്ലാസ്റ്റിക്ക് സാധാരണ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ മണ്ണിനടിയിലും സമുദ്രങ്ങളിലും അത് അവസാനിക്കുന്നു. ഈ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് ഇത് വിലകുറഞ്ഞതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബിറ്റുമാനുമായി ചേര്‍ത്ത് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയാണ് റിലയന്‍സ് പദ്ധതി.
പരിസ്ഥിതി രംഗത്തും റോഡ് നിര്‍മാണത്തിലും വന്‍വിപ്ലത്തിനുള്ള സാധ്യതയാണ് ഇതു തുറന്നു തരികയെന്ന് പെട്രോകെമിക്കല്‍സ് ബിസിനസ് സിഒഒ വിപുല്‍ ഷാ പറഞ്ഞു.  
ജീവകാരുണ്യ പ്രവര്‍ത്തനമായി പോലും വിശേഷിപ്പിക്കാവുന്ന പദ്ധതിയുടെ അവസാന സാമ്പത്തിക രേഖ തയാറാക്കി വരുന്നതേയുള്ളൂവെന്ന് വിപുല്‍ ഷാ വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ബിസിനസ്സുകാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവുമായി ഗ്രേറ്റ തുംബര്‍ഗിനെ പോലുള്ള പരിസ്ഥിത പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കെയാണ് റിലയന്‍സിന്റെ പ്രഖ്യാപനം.
പ്ലാസ്റ്റിക്ക് പുനരുപയോഗം അന്താരാഷ്ട്ര തലത്തില്‍ വലിയ വിഷയമായിട്ടുണ്ടെങ്കിലും  ഇപ്പോള്‍ ഇന്ത്യയിലും അതെത്തിയിരിക്കയാണെന്ന്   സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ വിശകലന വിദഗ്ധന്‍ സുനില്‍ ദാഹിയ പറഞ്ഞു.പ്രാരംഭഘട്ടത്തിലാണെങ്കിലും വലിയ പ്രതീക്ഷയാണ് ഇതു നല്‍കുന്നത്.
കോര്‍പ്പറേറ്റുകളും വ്യവസായങ്ങളും ഇന്ത്യയിലെ എല്ലാത്തരം മലിനീകരണത്തിന്റെയും വലിയ ഉറവിടമാണ്, അതിനാല്‍ കൂടുതല്‍ ഗൗരവത്തോടെയുള്ള ചിന്തകളും നയങ്ങളും പ്രവര്‍ത്തനങ്ങളും അവയില്‍ നിന്ന് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കുന്ന രണ്ട് ഗ്രൂപ്പുകളുടെ പഠനമനുസരിച്ച് 2018 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 15 എണ്ണം ഇന്ത്യയിലായിരുന്നു. ലോകത്ത് ഏറ്റവും മലിനമായ തലസ്ഥാനമാണ് ന്യൂദല്‍ഹി. സ്‌കൂളുകള്‍ മുടങ്ങുന്നതു മുതല്‍ വിമാനങ്ങള്‍ റദ്ദാക്കാനും വഴിതിരിച്ചുവിടാനും ദല്‍ഹിയിലെ വിഷമയമായ പുകമഞ്ഞ്  കാരണമാകുന്നു.  20 ദശലക്ഷത്തിലേറെ വരുന്ന ജനങ്ങള്‍ക്കാണ് ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത്.

 

 

Latest News