Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്

ന്യൂദല്‍ഹി-പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ബുധനാഴ്ച ഹാജരാകണം. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ നേരത്തെ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന സമരങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭാരവാഹികള്‍ക്ക് സമന്‍സ് അയച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാങ്ക് അക്കൗണ്ടുകളില്‍ 120 കോടി രൂപ എത്തിയെന്നും ഈ പണം പൗരത്വ നിയമ ഭേദഗതി പാസായതിനുശേഷമാണ് നിക്ഷേപിച്ചതെന്നും തുക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ  2018ലാണ് എന്‍ഫോഴ്സ്മെന്റ് കേസെടുത്തത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. റിഹാബ് ഇന്ത്യയുടെ അക്കൗണ്ടുകളിലേക്ക് ദുബായില്‍ നിന്ന് പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.  

അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നോട്ടീസ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം.മുഹമ്മദലി ജിന്ന ആരോപിച്ചു.  കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിസന്ധിയിലാക്കിയ ബഹുജന പ്രക്ഷോഭത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഒരു ബലിയാടാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest News