32 സർക്കാർ വകുപ്പുകൾ കർമ പദ്ധതിയുമായി സഹകരിക്കും
ജിദ്ദ- ഹജ് വേളയിൽ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സിവിൽ ഡിഫൻസ് അതോറിറ്റി ആവിഷ്‌കരിച്ച ആസൂത്രണം കർമ പദ്ധതി അതോറിറ്റി പ്രസിഡന്റ് കൂടിയായ സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അംഗീകരിച്ചു.
വിശുദ്ധ കർമം നിർവഹിക്കാൻ അല്ലാഹുവിന്റെ അതിഥികളായെത്തുന്ന തീർഥാടകരുടെ ക്ഷേമത്തിനും സുരക്ഷക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഭരണകൂടം പുലർത്തുന്ന കരുതലിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് സൗദി സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അൽഅംറ് അറിയിച്ചു. തീർഥാടകർക്ക് സുഗമമായി ഹജും പ്രവാചക സന്ദർശനവും പൂർത്തിയാക്കുന്നതിന് സകലവിധ തയാറെടുപ്പുകളും സിവിൽ ഡിഫൻസ് അതോറിറ്റി പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ഹജ് വേളയിൽ ഏതെങ്കിലും തരത്തിൽ വെല്ലുവിളികൾ നേരിടേണ്ടിവന്നാലും അത് ഏറ്റെടുക്കുന്നതിന് അതോറിറ്റി സന്നദ്ധമാണ്.
അവധാനതയോടെ ആവിഷ്‌കരിച്ച അഞ്ച് പ്രധാന പോയിന്റുകളെ കേന്ദ്രീകരിച്ചാണ് കർമ പദ്ധതി തയാറാക്കിയിരുന്നത്. സസൂക്ഷ്മം ക്രോഡീകരിച്ച ഡാറ്റ വിലയിരുത്തിയും സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രയോഗിക്കാനാവുമെന്ന് കൃത്യമായി ഉറപ്പുവരുത്തിയുമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. കർത്തവ്യവും ഉത്തരവാദിത്വവും, നിർദേശങ്ങൾ ഏകോപിപ്പിക്കുക, നിർവഹണം അപഗ്രഥിക്കുക, അവശ്യവസ്തുക്കളും ഇന്ധനവും ലഭ്യമാക്കുക (ആവശ്യാനുസരണം അഭയ സങ്കേതം സജ്ജമാക്കുക), നിർദേശങ്ങൾ നൽകുകയും ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ അഞ്ച് കാര്യങ്ങൾ.
32 സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് കർമ പദ്ധതി സാക്ഷാത്കരിക്കുക എന്ന് സിവിൽ ഡിഫൻസ് മേധാവി വ്യക്തമാക്കി. ഹജ് തീർഥാടകരെ സേവിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കുന്നതിന് ചില ഉത്തരവാദിത്വങ്ങൾ സിവിൽ ഡിഫൻസിന് കീഴിലുള്ള വളണ്ടിയർ സംഘങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മക്കയിലും പുണ്യസ്ഥലങ്ങളിലും വരുന്ന ഹാജിമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് ദൈവത്തിന്റെ പ്രതീ മാത്രം ഉദ്ദേശിച്ച് വളണ്ടിയർ സേവനം ചെയ്യുന്നതിന് മുന്നോട്ടുവരുന്ന സ്വദേശികളും വിദേശികളുമായ യുവാക്കളെ സഹകരിപ്പിക്കും. തീർഥാടകർക്ക് പ്രയാസമന്യേ കർമങ്ങൾ പൂർത്തിയാക്കുന്നതിന് സഹകരിക്കുന്ന സർക്കാർ, സർക്കാർ ഇതര വകുപ്പുകളെ അദ്ദേഹം പ്രകീർത്തിച്ചു.
സിവിൽ ഡിഫൻസ് അതോറിറ്റിക്ക് നിർലോഭമായ പിന്തുണ നൽകുന്ന സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാൻ കൂടിയായ മക്കാഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനും മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും മേജർ ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അൽഅംറ് നന്ദി പറഞ്ഞു.
ജിദ്ദ, മദീന എയർപോർട്ടുകൾ വഴി നാലേ മുക്കാൽ ലക്ഷം തീർഥാടകർ
ജിദ്ദ- കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും ഇതുവരെ 4,70,000 തീർഥാടകർ സൗദിയിലെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വരെ ഇരുവിമാനത്താവളങ്ങളിലൂടെ രാജ്യത്ത് എത്തിച്ചേർന്ന വിദേശ തീർഥാടകരുടെ എണ്ണമാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ഇതിൽ ജിദ്ദ വിമാനത്താവളം വഴി 136,485 പേരും മദീന വിമാനത്താവളം വഴി 337,441 ഹാജിമാരുമാണ് വന്നത്. ഇതിനായി ജിദ്ദയിലേക്ക് 813 വിമാന സർവീസുകളും മദീനയിലേക്ക് 1055 സർവീസുകളും വേണ്ടിവന്നു. ജിദ്ദയിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെയും മദീനയിൽ 13 ശതമാനത്തിന്റെയും വർധനയുണ്ട്.
ജൂലൈ 24 ന് തുടക്കം കുറിച്ച വിദേശ ഹാജിമാരുടെ വരവ് ഈ മാസം 26 വരെ നീണ്ടുനിൽക്കുമെന്ന് സിവിൽസർവീസ് നേരത്തെ അറിയിച്ചിരുന്നു. ദേശീയ പരിവർത്തന പദ്ധതി 2020യുടെ ഭാഗമായി ഹജ്, ഉംറ തീർഥാടകരുടെ എണ്ണം ക്രമാതീതമായി ഉയർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തുടക്കംകുറിച്ചതായും സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
അതേസമയം രാജ്യത്തിന്റെ കര വ്യോമ അതിർത്തികൾ വഴി രാജ്യത്ത് ആകെ 5,28,000ൽ അധികം തീർഥാടകർ എത്തിയിട്ടുണ്ടെന്ന് സൗദി ജനറൽ ജവാസാത് അറിയിച്ചു. ഇതിൽ 5,24,234 പേർ വ്യോമമാർഗവും 4,612 പേർ കര അതിർത്തിയിലൂടെയുമാണ് രാജ്യത്ത് എത്തിയത്.
ഹജ് വേളയിൽ 60 മില്യൺ യാത്രക്കാർ;
ഗതാഗത പദ്ധതി ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു
മക്ക- ഈ വർഷത്തെ ഹജ് വേളയിൽ പുണ്യ സ്ഥലങ്ങളിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്കും തിരിച്ചും സഞ്ചരിക്കേണ്ട 60 മില്യൺ യാത്രക്കാർക്കുവേണ്ടി ആവിഷ്‌കരിച്ച പൊതുഗതാഗത പദ്ധതി മക്കാ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ പരിശോധിച്ചു. കഴിഞ്ഞ ദിവസം ഗവർണറേറ്റിന് കീഴിലുള്ള പിൽഗ്രിമേജ് ട്രാൻസ്‌പോർട്ട് കൺട്രോൾ സുപ്രീം കമ്മീഷൻ സെക്രട്ടറിയേറ്റിലും ജനറൽ കാർ സിൻഡിക്കേറ്റിന്റെ ഓഫീസിലും ഓപ്പറേഷൻ സെന്ററിലും അദ്ദേഹം സന്ദർശനം നടത്തി. ഹാജിമാരുടെ ഗതാഗതത്തിന് ഏർപ്പെടുത്തിയ സംവിധാനങ്ങൾ അദ്ദേഹം വീക്ഷിക്കുകയും ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം സശ്രദ്ധം കേൾക്കുകയും ചെയ്തു.
തുടർന്ന് നടന്ന സുപ്രീം കമ്മീഷൻ യോഗത്തിൽ ഡെപ്യൂട്ടി ഗവർണർ അധ്യക്ഷത വഹിച്ചു. ഹജ് വേളയിൽ തീർഥാടകരും സന്ദർശകരുമുൾപ്പെടെ 60 മില്യൺ യാത്രക്കാർക്ക് വേണ്ടി ട്രെയിൻ, ബസ് മാർഗങ്ങളിലൂടെ ആവിഷ്‌കരിച്ച പദ്ധതി അവലോകനം ചെയ്തു. ഈ വർഷം 28 ബസ് സർവീസ് കമ്പനികളുടെ 17,800ൽ അധികം ബസുകൾ ഹാജിമാരുടെ യാത്രക്ക് ഉപയോഗപ്പെടുത്തും. ഇതിന് പുറമെ, അടിയന്തിര ആവശ്യങ്ങൾക്കായി 850 ബസുകളും പ്രയോജനപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ ഡെപ്യൂട്ടി ഗവർണറെ അറിയിച്ചു.
അത്യുഷ്ണം; തീർഥാടകർ പകൽസമയം
പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദേശം
മദീന- അത്യുഷ്ണമായതിനാൽ പകൽസമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മദീന ആരോഗ്യവകുപ്പ് തീർഥാടകർക്ക് ജാഗ്രതാ നിർദേശം നൽകി. സൂര്യാഘാതം, നിർജലീകരണം, കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്ന ഗ്ലൂക്കോമ തുടങ്ങി ത്വക്ക് കാൻസറിന് വരെ നേരിട്ട് വെയിലേൽക്കുന്നത് കാരണമാകും. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് മണി വരെ പുറത്തിറങ്ങാതിരിക്കലാണ് അഭികാമ്യം. പുറത്തിറങ്ങുന്ന പക്ഷം നിർബന്ധമായും കുട ചൂടുകയോ തൊപ്പി ധരിക്കുകയോ വേണം. അയഞ്ഞ നീളൻ കുപ്പായം ധരിക്കുന്നത് നല്ലതാണ്. കൂടാതെ, ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് ആരോഗ്യവകുപ്പ് തീർഥാടകരെ ഉണർത്തി.
ഹാജിമാരുടെ ക്ഷേമത്തിനും സുരക്ഷക്കുമായി ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രതയിലാണെന്നും തീർഥാടകരുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്നതിന് ഫീൽഡ് സംഘത്തെ നിയോഗിച്ച് നിരന്തരം പരിശോധിക്കുന്നതായും മദീന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് മേധാവി ഡോ. അയ്മൻ യൻബആവി അറിയിച്ചു. രാജ്യത്തെ തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തീർഥാടകർക്കുള്ള 135 ഇനം
മരുന്നുകൾക്ക് അനുമതിയില്ല
ജിദ്ദ- വിശുദ്ധ കർമത്തിന് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ തീർഥാടകർക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച 135 ഇനം ഭക്ഷ്യ, മരുന്ന്, ചികിത്സാ വസ്തുക്കൾക്ക് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നിഷേധിച്ചു. ഗുണമേന്മയുടെ അപര്യാപ്തതയും അതോറിറ്റി നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഫുഡ് ആന്റ് അതോറിറ്റി ട്വിറ്റർ പേജിൽ വ്യക്തമാക്കി.