Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിൽ പാസ്‌പോർട്ടുള്ളവർക്ക് സൗദിയിൽ വിലക്ക് തുടരും

റിയാദ് - ഇസ്രായിൽ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് സൗദിയിൽ പ്രവേശന വിലക്കുള്ളതായി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. പ്രത്യേക കേസുകളിൽ സൗദിയിലേക്ക് പോകുന്നതിന് തങ്ങളുടെ പൗരന്മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. 
സൗദിയുടെ ഇസ്രായിൽ നയത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഇസ്രായിൽ പാസ്‌പോർട്ടുള്ളവർക്ക് നിലവിൽ സൗദി സന്ദർശിക്കാനാകില്ല. ഇസ്രായിലുമായുള്ള സൗദിയുടെ ബന്ധം ഫലസ്തീനികളുമായി സമാധാന കരാർ ഒപ്പുവെക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനെ സൗദി പ്രോത്സാഹിപ്പിക്കുന്നു. ഇസ്രായിലികളും ഫലസ്തീനികളും സമാധാന കരാർ ഒപ്പുവെക്കുന്ന പക്ഷം മേഖലാ രാജ്യങ്ങൾ ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യും.
പശ്ചിമേഷ്യൻ സംഘർഷത്തിന് നീതിപൂർവകമായ പരിഹാരം കാണുന്നതിന് നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി ഇനിയും പിന്തുണക്കും. നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ഫലസ്തീനികൾക്ക് ലഭ്യമാക്കി പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരമുണ്ടാവുക എന്നതാണ് സൗദിയെ സംബന്ധിച്ചിടത്തോളം പ്രധാനം. ഈ ലക്ഷ്യത്തോടെ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 
ഹജും ഉംറയും നിർവഹിക്കുന്നതിനും വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിനും സൗദിയിലേക്ക് പോകാൻ പൗരന്മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായിൽ ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 
ഇസ്രായിൽ പാസ്‌പോർട്ടുള്ളവരെ സൗദി സന്ദർശനത്തിന് അനുവദിക്കുന്ന തീരുമാനം പ്രഖ്യാപിച്ചതിലൂടെ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പിലെത്തിയെന്നും സൗദി അറേബ്യ സമാധാനത്തിന് ഒരുക്കമാണെന്നും വരുത്തിത്തീർത്ത് അറബികളെ വിഡ്ഢികളാക്കാനും സൗദി അറേബ്യയെ കുരുക്കിൽ അകപ്പെടുത്താനുമാണ് ഇസ്രായിൽ ശ്രമിക്കുന്നതെന്ന് സൗദി രാഷ്ട്രീയ നിരീക്ഷകൻ ഡോ. ഹംദാൻ അൽശഹ്‌രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിനുള്ള അടിസ്ഥാന മാനദണ്ഡം 2002 അറബ് സമാധാന പദ്ധതിയാണ്. 2002 ൽ ബെയ്‌റൂത്തിൽ നടന്ന അറബ് ഉച്ചകോടിക്കിടെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നോട്ടു വെച്ച സമാധാന പദ്ധതി ഉച്ചകോടി അംഗീകരിക്കുകയും അറബ് സമാധാന പദ്ധതിയെന്ന പേരിൽ അറിയപ്പെടുകയുമായിരുന്നു. 
1967 ലെ യുദ്ധത്തിൽ പിടിച്ചടക്കിയ മുഴുവൻ അറബ് പ്രദേശങ്ങളിൽ നിന്നും ഇസ്രായിൽ പിൻവാങ്ങുകയും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയും ഫലസ്തീൻ അഭയാർഥികളെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്യുന്നതിനു പകരം മുഴുവൻ അറബ് രാജ്യങ്ങളും ഇസ്രായിലുമായി പൂർണ തോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് അറബ് സമാധാന പദ്ധതി വാഗ്ദാനം ചെയ്യുന്നു. പ്രായോഗിക തലത്തിൽ നടപ്പാക്കാവുന്ന ബദൽ പദ്ധതി മുന്നോട്ടു വെക്കാതെ അറബ് സമാധാന പദ്ധതി അസാധുവാക്കാനാണ് അമേരിക്കയും ഇസ്രായിലും ശ്രമിക്കുന്നതെങ്കിൽ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും ഡോ. ഹംദാൻ അൽശഹ്‌രി പറഞ്ഞു.
 

Latest News