Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാക്കൾ വിദ്വേഷ പ്രചാരണം തുടരുന്നു; അനുരാഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ന്യൂദൽഹി- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകി. ദൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം വെടിവെച്ചു കൊല്ലണമെന്ന മുദ്രാവാക്യം വിളിച്ചു കൊടുത്തതിനെതിരേയാണ് നടപടി. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ കണ്ടാൽ വെടിവെയ്ക്കൂ എന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം. പിന്നീട് ഈ ആഹ്വാനം മുദ്രാവാക്യമായി അദ്ദേഹം പ്രവർത്തകരെ കൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ദൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോർട്ട് നൽകി.


ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വെറുപ്പും വിദ്വേഷവും വാരിവിതറിയാണ് കേന്ദ്ര മന്ത്രിമാരും എം.പിമാരും അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രസംഗിക്കുന്നത്. പൗരത്വ ഭേദഗതി നിമയത്തിനെതിരേ സമരത്തിനായി ദൽഹിയിലെ ഷഹീൻബാഗിലേക്ക് വരുന്നവർ വീടുകളിൽ കടന്നു കയറി അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും മാനഭംഗപ്പെടുത്തുമെന്നാണ് ബി.ജെ.പി എം.പി പവൻ വർമ ഇന്നലെ പറഞ്ഞത്. ലക്ഷക്കണക്കിനാളുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. അവർ നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരെയും മക്കളെയും മാനഭംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാൻ മോഡിയും അമിത് ഷായുമുണ്ട്. നാളെ ആരുമുണ്ടാകില്ല. അതുകൊണ്ട് ദൽഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണിതെന്നായിരുന്നു ബി.ജെ.പി എം.പിയുടെ വാക്കുകൾ. 


ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഒരു മണിക്കൂറിനകം ഷഹീൻ ബാഗിലെ സമരം തുടച്ചുനീക്കും. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 11 ന് ദൽഹിയിൽ ബി.ജെ.പി സർക്കാർ രൂപികരിക്കുന്നതോടെ ഒരു സമരക്കാരനും ഷഹീൻബാഗിൽ കാണില്ലെന്ന് മാത്രമല്ല ഒരു മാസത്തിനുള്ളിൽ തന്റെ മണ്ഡലത്തിലെ സർക്കാർ ഭൂമിയിലുള്ള മുസ്‌ലിം പള്ളികൾ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 


ഷഹീൻ ബാഗിനൊപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പറയുന്നത്. കശ്മീരിൽ തീപ്പിടിത്തമുണ്ടായപ്പോൾ അമ്മമാരും സഹോദരിമാരും മാനഭംഗത്തിന് ഇരയായത് എല്ലാവർക്കും അറിയാമല്ലോ. കേരളത്തിലും ഹൈദരാബാദിലും ഉത്തർപ്രദേശിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും പവൻ വർമ പറഞ്ഞു.
അനുരാഗ് താക്കൂർ ഉൾപ്പടെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എ.എ.പി നേതാക്കൾ അറിയിച്ചു. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലകയറ്റം തുടങ്ങിയ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ സഹ മന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്ത് നടക്കുകയാണെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. 


അതിനിടെ, ദൽഹിയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബി.ജെ.പി പുറത്തുനിന്ന് ആളെ ഇറക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. 200 എം.പിമാരെയും 70 മന്ത്രിമാരെയും 11 മുഖ്യമന്ത്രിമാരെയുമാണ് തനിക്കെതിരേ ബി.ജെ.പി ദൽഹിയിൽ ഇറക്കിയിരിക്കുന്നത്. അവർ ദൽഹിയിലെ ജനങ്ങളെ പരാജയപ്പെടുത്താൻ വേണ്ടിയാണ് ഇവിടെ വന്നു പ്രവർത്തിക്കുന്നത്. അവർ ദൽഹിയുടെ പുത്രനായ കെജ്‌രിവാളിനെ പരാജയപ്പെടുത്താനും അതുവഴി ദൽഹി ജനതയെ അപമാനിക്കാനുമാണ് എത്തിയിരിക്കുന്നതെന്ന് പാർട്ടി നേതാവ് സുരേന്ദ്ര കുമാർ പറഞ്ഞു. ഇത് കണ്ട് നിശബ്ദരായിരിക്കരുതെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്തു. 

Latest News