Sorry, you need to enable JavaScript to visit this website.

കൊറോണ: വുഹാനിൽ സ്ഥിതി ഗുരുതരമെന്ന് മലയാളി വിദ്യാർഥികൾ

ന്യൂദൽഹി- കൊറോണ വൈറസ് ബാധ അതിരൂക്ഷമായതോടെ ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. ചൈനയിലെ വുഹാൻ നഗരത്തിൽനിന്നുൾപ്പെടെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. കൂടുതൽ വിദ്യാർഥികളാണ് ഇന്ത്യക്കാരായി അവിടെയുള്ളത്. ഇവരെ തിരിച്ചെത്തിക്കുന്നതിന് ചൈനീസ് സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് ബാധയിൽ രാജ്യത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടെന്ന്് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. വൈറസ് ഇന്ത്യയിലേക്കെത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളവർ തന്നെ കർശന നിരീക്ഷണത്തിലാണ്. എന്നാൽ അവർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കരുതേണ്ടതില്ല. സംശയത്തിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന ആരോഗ്യ മുൻകരുതലാണിത്. സംശയമുള്ള എല്ലാവരുടെയും സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിൽ അയച്ചിട്ടുണ്ട്. ഇതുവരെയുള്ള ഫലങ്ങളിലൊന്നും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 
ചൈനയിലെ ഹുബേയ് പ്രവശ്യയിൽ ഉള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് 14 ദിവസത്തെ പകർച്ചവ്യാധി നിവാരണ കരുതൽ വേണമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇന്ത്യയിൽ എത്തിയാൽ ഇവർ 14 ദിവസം നിരീക്ഷണത്തിലും നിവാരണ ചികിത്സയിലും കഴിയണം. ഇന്ത്യക്കാരായ വിദ്യാർഥികളും ഗവേഷകരും മറ്റു വിദഗ്ധരും ഏറെയുള്ള ഹുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ ആണ് വൈറസ് ബാധയുടെ കേന്ദ്രം. ബീജിംഗിലെ ഇന്ത്യൻ എംബസി ചൈനീസ് സർക്കാറുമായി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും ആരായുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും പറഞ്ഞു.
ചൈനയിൽനിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി 423 സീറ്റുകളുള്ള എയർ ഇന്ത്യയുടെ ജംബോ വിമാനം തയാറായി നിൽക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അന്തിമ നിർദേശം ലഭിച്ചാൽ വിമാനം പുറപ്പെടും. ബോയിംഗ് 747-400 വിമാനം മുംബൈയിലാണ് തയാറായി നിൽക്കുന്നത്. 
വുഹാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതൽ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാംഗ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
    
 

Latest News