Sorry, you need to enable JavaScript to visit this website.

എൻ.പി.ആർ വിവാദം:  മഞ്ചേരിയിൽ സംഘർഷം

എൻ.പി.ആർ നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്  മഞ്ചേരിയിൽ നടത്തിയ പ്രകടനം.

മഞ്ചേരി- നഗരസഭാ സെക്രട്ടറിയുടെ എൻ.പി.ആർ നടപ്പാക്കാനുള്ള കത്ത് വിവാദമായതോടെ മഞ്ചേരിയിൽ സംഘർഷമായി. ഇടത്-വലത് മുന്നണികളിലെ സംഘടനകളും മറ്റു മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നഗരസഭാ പരിസരം സംഘർഷഭരിതമായി.
ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്ക് വിവര ശേഖരണത്തിന് അധ്യാപകരെ നിയോഗിക്കുന്നതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറി വിവിധ സ്‌കൂളുകളിലേക്ക് കത്തയച്ചതിൽ പ്രതിഷേധിച്ചാണ് ഇടത്-വലത് മുന്നണികളിലെ സംഘടനകളും മറ്റും മഞ്ചേരി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇടതു മുന്നണി നഗരസഭാ ഭരണസമിതിക്കെതിരെ സമരം ചെയ്തപ്പോൾ വലതു പക്ഷം കത്തയച്ച ഉദ്യോഗസ്ഥനെതിരെയാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം നഗരസഭാ കാര്യാലയത്തിലേക്ക് പ്രകടനമായി എത്തിയത്. തുടർന്ന് യൂത്ത്ലീഗ് പ്രവർത്തകരും എത്തിയതോടെ ഇരുകൂട്ടരും ചേർന്ന് സെക്രട്ടറിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും വാതിൽ തകർത്ത്  നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തു. 

അനധികൃതമായി നിലം നികത്തുന്നതിന് അനുമതി നൽകിയെന്ന പരാതിയിൽ മഞ്ചേരി മുനിസിപ്പൽ സെക്രട്ടറി ജയകുമാർ സസ്പെൻഷനിലായിരുന്നു. തുടർന്ന് താത്കാലിക ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനീയറായ സതീശനാണ് സ്‌കൂളുകളിലേക്ക് കത്തയച്ചത്. ഇത് തങ്ങളുടെ അറിവോടെ അല്ലെന്നാണ് ഭരണപക്ഷത്തിന്റെയും നഗരസഭാധ്യക്ഷയുടെയും വാദം. സംസ്ഥാനത്ത് ആദ്യമായി എൻ.പി.ആറിനെതിരെ പ്രമേയം പാസാക്കിയ നഗരസഭയാണ് മഞ്ചേരി എന്നും ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി നഗരസഭാധ്യക്ഷ വി.എം സുബൈദ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് ഇ-മെയിൽ ആയി അയച്ചിട്ടുണ്ട്. 

11 മണിയോടെയാണ് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നഗരസഭാ പരിസരത്തെത്തിയത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇരട്ടത്താപ്പ്് നയം സ്വീകരിക്കുകയാണ് യു.ഡി.എഫ് എന്ന് ഇടതു നേതാക്കൾ പറഞ്ഞു. പുറമെ എൻ.പി.ആറിന് എതിരെ നിൽക്കുകയും അതേസമയം, സംഘ്പരിവാർ പ്രീണനം നടത്തുകയും ചെയ്യുകയാണിവരെന്നും എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.  സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്കു വിരുദ്ധമായി അപമാനം വരുത്തിവെച്ച നഗരസഭാ ഭരണസമിതി രാജിവെക്കണമെന്ന് മുൻ നഗരസഭാധ്യക്ഷൻ അസൈൻ കാരാട്ട് ആവശ്യപ്പെട്ടു.
അതേസമയം, നഗരസഭാ സെക്രട്ടറിയുടെ രഹസ്യ നീക്കത്തിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെടുന്നത്.

Latest News