Sorry, you need to enable JavaScript to visit this website.

മലപ്പുറത്തു നടക്കുന്നത് സെൻസസ് മാത്രം; എൻ.പി.ആർ ഇല്ല -കലക്ടർ

മലപ്പുറം- മലപ്പുറം ജില്ലയിൽ നടക്കുന്നതു സെൻസസിനുള്ള നടപടിക്രമങ്ങൾ മാത്രമാണെന്നു ജില്ലാ കലക്ടർ ജാഫർ മലിക്. ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള വിവര ശേഖരണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു എൻ.പി.ആർ പുതുക്കുന്ന നടപടികൾ സർക്കാർ നിർത്തിവെച്ചതാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ സെൻസസ് ചാർജ് ഓഫീസർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന നടപടികളിൽ ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. വിവര ശേഖരണത്തിനു അധ്യാപകരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മഞ്ചേരി നഗരസഭ തിരുവനന്തപുരത്തെ സെൻസസ് ഓപറേഷൻ ഡയറക്ടറേറ്റിൽ നിന്നു ലഭിച്ച അറിയിപ്പടക്കം വിദ്യാലയങ്ങൾക്കു കത്തു നൽകിയതാണ് വിവാദത്തിനിടയാക്കിയത്. ഇക്കാര്യത്തിൽ 24 മണിക്കൂറിനകം വിശദീകരണം നൽകാൻ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. എൻ.പി.ആർ പ്രയോഗമുൾപ്പെടെ വിദ്യാലയങ്ങളിലേക്കു നൽകിയ കത്തുകളെല്ലാം പിൻവലിച്ചു. സെൻസസ് ജോലികൾക്കു നിയോഗിക്കാനുള്ള അധ്യാപകരുടെ വിവരങ്ങൾ ഈ മാസം 30 നകം വിദ്യാലയാധികൃതർ സെൻസസ് ചാർജ് ഓഫീസർമാർക്കു നൽകണം. വിവരങ്ങൾ പരിശോധിച്ചു ആവശ്യമായത്ര ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സെൻസസ് ചാർജ് ഓഫീസർമാർ പ്രത്യേക മാതൃകയിൽ തയാറാക്കണം.
സെൻസസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്ര സർക്കാറിൽ നിന്നു ലഭിക്കുന്നത് എൻ.പി.ആറുമായി ബന്ധപ്പെടുത്തിയാണ്. വിവര ശേഖരണത്തിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അറിയിപ്പുകൾ നൽകുമ്പോൾ എൻ.പി.ആർ എന്ന പ്രയോഗം പൂർണമായും ഒഴിവാക്കിയാണ് കത്തുകൾ തയാറാക്കേണ്ടതെന്നു സെൻസസ് ചാർജ് ഓഫീസർമാരുടെ യോഗത്തിൽ ജില്ലാ കലക്ടർ നിർദേശം നൽകി. സെൻസസ് സംബന്ധിച്ച അറിയിപ്പുകൾ ചാർജ് ഓഫീസർമാർ വായിച്ചു മനസ്സിലാക്കിയാകണം അറിയിപ്പുകൾ തയാറാക്കേണ്ടത്. വിദ്യാലയങ്ങളിലേക്കടക്കം നൽകുന്ന കത്തുകളും ജാഗ്രതയോടെ പരിശോധിക്കണം. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തു നടക്കുന്ന യോഗത്തിൽ സെൻസസ് സംബന്ധിച്ചു കൂടുതൽ തീരുമാനങ്ങളുണ്ടാകും. സർക്കാർ തീരുമാനം ലഭിച്ച ശേഷം സെൻസസ് ചാർജ് ഓഫീസർമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കണമെന്നും കലക്ടർ പറഞ്ഞു. സെൻസസ് ചാർജ് ഓഫീസർമാരുടെ ചുമതലയുള്ള താലൂക്ക് തഹസിൽദാർമാർ, നഗരസഭ സെക്രട്ടറിമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News