Sorry, you need to enable JavaScript to visit this website.

മോഡി ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി- രാഹുല്‍ഗാന്ധി 

ജയ്പൂര്‍- കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിനെതിരെ പുതിയ അക്രമം അഴിച്ചുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയും, നിക്ഷേപകരെ അകറ്റുകയും ചെയ്‌തെന്ന് രാഹുല്‍ ആരോപിച്ചു. ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.'ഇന്ത്യ സാഹോദര്യവും, സ്‌നേഹവും, ഐക്യവുമുള്ള നാടാണെന്നാണ് ലോകത്തിന് മുന്നിലുണ്ടായിരുന്ന വിശ്വാസ്യതയും, പ്രതിച്ഛായയും. അതേസമയം പാക്കിസ്ഥാന്‍ വിദ്വേഷത്തിന്റെയും, വിഭജനത്തിന്റെയും പ്രതീകമാണ്. ഈ പ്രതിച്ഛായയാണ് നരേന്ദ്ര മോദി നശിപ്പിച്ചത്', ജയ്പൂരില്‍ യുവ ആക്രോശ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഈ ആരോപണം ഉന്നയിച്ചത്. ഇന്ന് ഇന്ത്യ ലോകത്തിന്റെ പീഡന തലസ്ഥാനമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ രീതിയിലാണെങ്കില്‍ ഇന്ത്യയുടെ ജിഡിപി 2.5 ശതമാനം മാത്രമാണെന്നത് നാണക്കേടാണ്. യുപിഎ സമയത്ത് വളര്‍ച്ചാ നിരക്ക് 9 ശതമാനമായിരുന്നു. കണക്കുകൂട്ടല്‍ രീതി മാറ്റി മോഡി സര്‍ക്കാര്‍ വളര്‍ച്ചാ നിരക്ക് കുറച്ചു. പുതിയ രീതി അനുസരിച്ചാണെങ്കില്‍ വളര്‍ച്ച 5 ശതമാനമാണ്. യുപിഎ രീതിയില്‍ നോക്കിയാല്‍ 2.5 ശതമാനം മാത്രമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി മോഡി വാഗ്ദാനം ചെയ്തത്. പക്ഷെ കഴിഞ്ഞ വര്‍ഷം ഒരു കോടി ആളുകള്‍ക്ക് ജോലി നഷ്ടമായി. ഈ രാജ്യത്തെ യുവാക്കള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. ലോകത്തിലെ മികവ് നമുക്കുണ്ട്. ഈ മികവ് ഉപയോഗിച്ച് ലോകം മാറ്റിമറിക്കാമെന്ന് രാജ്യം വിശ്വസിക്കുന്നു. പക്ഷെ ഇത് നഷ്ടമാക്കുകയാണ്. നിങ്ങളുടെ സര്‍ക്കാരും പ്രധാനമന്ത്രി മോഡിയും കഴിവ് നഷ്ടമാക്കുന്നു, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

Latest News