ഫലസ്തീന്റെ പങ്കാളിത്തമില്ലാതെ സമാധാന പദ്ധതി പ്രഖ്യാപിക്കാന്‍ ട്രംപ്

വാഷിംഗ്ടന്‍- ഇസ്രായില്‍ അനുകൂല നിലപാടെന്ന ആരോപണമുയര്‍ന്നത് വകവെക്കാതെ ഇസ്രായില്‍-പലസ്തീന്‍ സമാധാന പദ്ധതിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലായിരിക്കും ട്രംപ് പദ്ധതി പ്രഖ്യാപിക്കുക.
ശുഭാപ്തി വിശ്വാസത്തോടെയാണു കാര്യങ്ങള്‍ കാണുന്നതെന്ന് ട്രംപ് പ്രതികരിച്ചു. സെനറ്റിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെയാണ് ട്രംപിന്റെ നീക്കം. അറബ് രാജ്യങ്ങളും പലസ്തീനില്‍നിന്നുള്ളവരും തന്റെ നീക്കത്തെ പിന്തുണക്കുന്നതായാണു ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിലെ ഇസ്രായിലിന്റെ ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നു നെതന്യാഹു പ്രതികരിച്ചു. നൂറ്റാണ്ടിലെ കരാര്‍' എന്നാണു പദ്ധതിയെ നെതന്യാഹു വിശേഷിപ്പിച്ചത്.
വൈറ്റ് ഹൗസില്‍ നടക്കുന്ന പരിപാടിയിലേക്കു പലസ്തീനില്‍നിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ മരുമകന്‍ ജറാദ് കുഷ്‌നറുടെ മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ലെന്നാണു പലസ്തീന്‍ നേതാക്കളുടെ വാദം. യു.എസ് നീക്കത്തെ പലസ്തീന്‍ പ്രധാനമന്ത്രി നേരത്തേ തള്ളിയിട്ടുണ്ട്. ട്രംപിനെ ഇംപീച്ച്‌മെന്റില്‍നിന്നും നെതന്യാഹുവിനെ ജയില്‍വാസത്തില്‍നിന്നും രക്ഷിക്കാനുള്ള തീരുമാനമാണിതെന്നും അദ്ദേഹം ആരോപിച്ചു.

 

Latest News