Sorry, you need to enable JavaScript to visit this website.

വുഹാനില്‍ നിന്നെത്തിയ 1500 പേരെ ബ്രിട്ടനില്‍ കാണാനില്ല 

ലണ്ടന്‍- ചൈനയിലെ വുഹാനില്‍ നിന്നും യുകെയില്‍ മടങ്ങിയെത്തിയ 1500 പേരെ ഇനിയും കണ്ടെത്താനായില്ല. വുഹാനില്‍ നിന്നും യുകെയില്‍ ആരെല്ലാം എത്തിയെന്ന് സര്‍ക്കാരിന് യാതൊരു വിവരവുമില്ല. അതിനാല്‍ യാത്രക്കാരോട് സ്വയം ഏകാന്തവാസത്തിലേക്ക് നീങ്ങാനും എന്‍എച്ച്എസ് 111ല്‍ വിളിക്കാനും അഭ്യര്‍ത്ഥിച്ചു ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് രംഗത്തുവന്നു. വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് വുഹാനില്‍ നിന്നും കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ എത്തിയ യാത്രക്കാരോട് വീടിനകത്ത് കഴിയാനും, മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത് ഒഴിവാക്കാനും, ലക്ഷണങ്ങള്‍ തോന്നിയാല്‍ എന്‍എച്ച്എസ് 111ല്‍ വിളിക്കാനും പറഞ്ഞിരിക്കുന്നത്. 
അതേസമയം, ചൈനീസ് നഗരത്തില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. യുഎസിനൊപ്പം ചേര്‍ന്നാണ് ഇത്തരമൊരു രക്ഷാപാക്കേജ് തയ്യാറാക്കുന്നത്. അടിയന്തരമായി ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ചൈന അനുമതി നല്‍കാത്തതാണ് തടസം. 
ബ്രിട്ടീഷുകാരെ വുഹാനില്‍ തുടരാന്‍ അനുവദിക്കുന്നത് ഇവര്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന ഫോറിന്‍ ഓഫീസ് അധികൃതര്‍ സമ്മതിച്ചിരുന്നു. ഫ്രാന്‍സും, യുഎസും നേരത്തെ തന്നെ തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഒട്ടും തിടുക്കം കാണിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് ബോറിസ് ജോണ്‍സണ്‍ നേരിട്ട് രംഗത്ത് വന്നത്. യുകെ എയര്‍പോര്‍ട്ടുകളില്‍ ചൈനയില്‍ നിന്നും എത്തുന്ന യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest News