Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഔഷധ വിപണനത്തിലെ കള്ളക്കളികൾ

ഇന്ത്യയിൽ വ്യാജ ഔഷധങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാറിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങളും സംശയങ്ങളും വീണ്ടും ഉയരുന്നു. രാജ്യത്തെ പ്രമുഖ ഔഷധ നിർമാതാക്കളുമായി ഇക്കഴിഞ്ഞ ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. 
ഔഷധ നിർമാതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അധാർമിക വിപണന തന്ത്രങ്ങൾക്കെതിരെ പ്രധാനമന്ത്രി താക്കീത് നൽകിയതായി അതിൽ പങ്കെടുത്ത മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി വാർത്ത പുറത്തു വന്നിരുന്നു. അധാർമിക വിപണന തന്ത്രങ്ങൾക്കെതിരെ നിയമ നിർമാണം നടത്തുമെന്നും സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഔഷധ നിർമാതാക്കളുടെ സംഘടനകൾ അത്തരം വാർത്തകൾ നിഷേധിച്ച് പ്രസ്താവന പുറത്തിറക്കി.


പ്രധാനമന്ത്രിയുടെ ഓഫീസാകട്ടെ, അതേപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണ് ഉണ്ടായത്. തങ്ങളുടെ ഔഷധങ്ങൾ നിർദേശിക്കാൻ ഔഷധ നിർമാതാക്കൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും പാരിതോഷികങ്ങളും നൽകുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. തങ്ങൾക്ക് കൂടുതൽ ലാഭമുണ്ടാക്കി നൽകുന്ന ഡോക്ടർമാർക്ക് വില പിടിച്ച പാരിതോഷികങ്ങൾ, കുടുംബാംഗങ്ങൾ അടക്കം വിദേശ യാത്ര തുടങ്ങി സ്ത്രീകളെ വരെ സമ്മാനിക്കുന്നുവെന്ന പരാതി വ്യാപകമാണ്. 
അത്തരം അധാർമിക വിപണന തന്ത്രങ്ങൾക്ക് എതിരെ 2014 ൽ ഒരു ഏകീകൃ!ത മാർഗനിർദേശം കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുകയുണ്ടായി. എന്നാൽ അത് നിയമപരമായ ബാധ്യതയാക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല.


ഗുണമേന്മയില്ലാത്ത ഔഷധങ്ങൾ അടിച്ചേൽപിക്കുന്ന വിപണന തന്ത്രങ്ങൾക്ക് ജനങ്ങൾ ഇരകളായി മാറുന്ന ഇന്നത്തെ അവസ്ഥക്ക് അടിയന്തരമായി മാറ്റം കൂടിയേ തീരൂ. ഗുണമേന്മ ഇല്ലാത്തതും പലപ്പോഴും അപകടകാരികളുമായ ഔഷധങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നത് സത്വര നിയമ നടപടികൾ അനിവാര്യമാക്കുന്നു. ഭീമമായ ലാഭത്തിനു വേണ്ടി കോർപറേറ്റുകൾ നടത്തുന്ന അധാർമിക പ്രവൃത്തികളെപ്പറ്റി മഹാഭൂരിപക്ഷം ഉപഭോക്താക്കളും അജ്ഞരാണ്. ഡോക്ടർമാരിലുള്ള സമ്പൂർണ വിശ്വാസമാണ് അപകടകരമായ ഈ ചൂഷണത്തിന് ആധാരം. ലോക ഔഷധ വിപണിയിൽ വിറ്റഴിയുന്ന വ്യാജ ഔഷധങ്ങളുടെ 35 ശതമാനവും ഇന്ത്യയിലാണ് ഉൽപാദിപ്പിക്കപ്പെടുന്നതെന്ന് ലോക ആരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. 
അത് നാലായിരം കോടി രൂപയുടെ വമ്പൻ വിപണിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ ഔഷധ കമ്പനികൾ ഗവേഷണത്തിനും വികസനത്തിനും ചെലവിടുന്നതിനേക്കാൾ അധികം പണം വിപണന തന്ത്രങ്ങൾക്കായി ചെലവിടുന്നതായാണ് പഠനങ്ങൾ വിലയിരുത്തുന്നത്.


ഔഷധങ്ങൾ സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ, പാർശ്വ ഫലങ്ങളെപ്പറ്റിയും അപകട സാധ്യതകളെപ്പറ്റിയുമുള്ള വിവരങ്ങൾ മറച്ചുവെക്കൽ, ഡോക്ടർമാർക്ക് പാരിതോഷികങ്ങൾ, ആരോഗ്യ പരിപാലനത്തിലുപരി രോഗങ്ങൾ സംബന്ധിച്ച പ്രചാരണം എന്നിങ്ങനെ വിവിധ രീതിയിലുള്ള വിപണന തന്ത്രങ്ങളാണ് ഔഷധ നിർമാതാക്കൾ അവലംബിക്കുന്നത്. തെറ്റായ ഔഷധങ്ങൾ രോഗികൾക്ക് നൽകുന്നത് തടയാനോ നിയന്ത്രിക്കാനോ പര്യാപ്തമായ നിയമങ്ങൾ രാജ്യത്ത് നിലവിലില്ല എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ യാഥാർത്ഥ്യം. 


ഗുണമേന്മയില്ലാത്ത ഔഷധങ്ങളും അവക്ക് ലഭിക്കുന്ന പ്രോത്സാഹനവുമാണ് ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികളിൽ പ്രധാനം. ദേശീയ തലത്തിൽ തന്നെ ഈ അവസ്ഥക്കെതിരെ നിയമ നിർമ്മാണം കൂടിയേ തീരൂ എന്നാണ് ചികിത്സാരംഗത്ത് ധാർമിക സമീപനം ഉയർത്തിപ്പിടിക്കുന്ന ഡോക്ടർമാരും അവരുടെ സംഘടനകളും ആവശ്യപ്പെടുന്നത്.
ഔഷധ കമ്പനികളുടെ ബ്രാൻഡ് പേരുകൾക്ക് പകരം രാസവസ്തുക്കളുടെ പേര് ഉപയോഗിക്കണമെന്ന ധാർമിക നിലപാട് മഹാഭൂരിപക്ഷം ഡോക്ടർമാരും പിന്തുടരുന്നില്ലെന്നത് അവർക്ക് ഔഷധ കമ്പനികളോടും അവർ നൽകുന്ന പാരിതോഷികങ്ങളോടുമുള്ള വിധേയത്വമാണ് തുറന്നു കാട്ടുന്നത്. ഔഷധ കമ്പനികളോട് ഡോക്ടർമാർക്ക് മാത്രമല്ല ഈ വിധേയത്വം. ഔഷധ കമ്പനികളെയും അവരുടെ അധാർമിക വിപണന തന്ത്രത്തെയും നിയന്ത്രിക്കേണ്ട അധികാര കേന്ദ്രങ്ങളും കോർപറേറ്റ് താൽപര്യങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന സംശയം ശക്തമാണ്. തന്റെ കൂടിക്കാഴ്ചക്കു ശേഷം ഔഷധ കമ്പനികൾ നടത്തിയ പ്രസ്താവന തിരുത്താനോ ചോദ്യം ചെയ്യാനോ പ്രധാനമന്ത്രിയുടെ ഓഫീസ് സന്നദ്ധമായില്ലെന്നത് അത്തരം സന്ദേശമാണ് നൽകുന്നത്. 
നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ഔഷധ നിർമാണ കുത്തകകളുമായുള്ള ബന്ധം അത്തരത്തിലുള്ളതാണെന്ന ആരോപണം അവഗണിക്കാവുന്നതല്ല. 2014 ൽ ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങിന് ചെലവഴിച്ച പതിനഞ്ചു ലക്ഷം ഡോളറിൽ സിംഹഭാഗവും ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഔഷധ കമ്പനിയാണ് വഹിച്ചതെന്ന വസ്തുത അത്തരം ആശങ്കകളെ സ്ഥിരീകരിക്കുന്നു.

Latest News