Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവളം മുതലെടുക്കാൻ കർണാടക 

കുടകിൽ നിന്ന് മട്ടന്നൂരിലേക്ക് ഫ്‌ളൈ ബസ് തുടങ്ങുന്നു

കണ്ണൂർ അന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ ടൂറിസം സാധ്യതകൾ മുതലെടുക്കാനുള്ള പദ്ധതിയുമായി  കർണാടക സർക്കാർ.  ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ കുടക് ജില്ലയെയും മൈസൂരിനെയും കണ്ണൂർ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന അത്യാധുനിക ഫ്‌ളൈ ബസുകൾ വീരാജ്‌പേട്ട ഇരിട്ടി വഴി ഓടിക്കാനുള്ള ശ്രമമാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ നടത്തുന്നത്. കുടകിലെത്താനും അവിടുന്ന് എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് പോകാനുമുള്ള കേന്ദ്രമായി ഇനി കണ്ണൂർ വിമാനത്താവളം മാറിയേക്കും. ഇതിന് കിയാൽ പച്ചക്കൊടി വീശിയിട്ടുണ്ട്. 


കുടകിൽ നിന്നുള്ള യാത്രക്കാരുടെ ഒഴുക്ക് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കണ്ണൂർ വിമാനത്താവളത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. 
വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾക്കും കർണാടക അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിലെത്താൻ ഫ്‌ളൈ ബസ് സർവീസ് നടത്താനാണ് തീരുമാനം. കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് പുതിയ യാത്രാ സംവിധാനവുമായി രംഗത്ത് വരുന്നത്. മടിക്കേരി,  ഹുസൂർ, വീരാജ്‌പേട്ട എന്നീ സ്ഥലങ്ങളിലെ ജനങ്ങൾക്ക് അതിവേഗം കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെടാൻ ഇതിലൂടെ കഴിയുമെന്ന് കർണാടക ആർടിസി ഇൻ ചാർജ് ജി.പ്രശാന്ത് അറിയിച്ചു. 


കേരള- കർണാടക അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന മൈസൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്ക് ബംഗളൂരു വിമാനത്താവളത്തേക്കാൾ അകലം കുറവ് കണ്ണൂർ രാജ്യാന്തര വിമാനത്താവളമാണ്. ഇതു വഴി കേരള, കർണാടക ട്രാൻസ്‌പോർട്ട് ബസുകളും ഏതാനും സ്വകാര്യ ബസുകളും മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രാദുരിതം പരിഹരിക്കുന്നതിനും കുടകിലേക്കുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. മൈസൂരു, ഗോണിക്കുപ്പ, വീരാജ് പേട്ട, മാക്കൂട്ടം, ഇരിട്ടി റൂട്ടിലാണ് ആദ്യം സർവീസ് നടത്തുക. ഇത്തരം മൾട്ടി ആക്‌സിൽ ബസുകളിൽ 
ലഗേജ് വെക്കാനുള്ള പ്രത്യേക സൗകര്യവുമുണ്ട്. കെമിക്കൽ ശൗചാലയം വിമാനങ്ങളുടെ ആഗമനം/ പുറപ്പെട്ട സമയം എന്നിവ കാണിക്കുന്ന ജി.പി.എസ്, എയർ കണ്ടീഷൻ എന്നീ സംവിധാനങ്ങൾ ഈ അത്യാധുനിക ബസുകളുടെ പ്രത്യേകതയാണ്.

Latest News