Sorry, you need to enable JavaScript to visit this website.

മഞ്ഞണിഞ്ഞ് മണാലി

ഇടത്തരം കുടുംബങ്ങളിലെ നവ ദമ്പതികൾ പോലും സിംഗപ്പുർ, ദുബായ് എന്നീ വിദൂര നഗരങ്ങൾ ഹണിമൂൺ ട്രിപ്പിന് തെരഞ്ഞെടുക്കുന്ന കാലമാണിത്. അത്ര തന്നെ ചെലവില്ലാതെ യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മണാലി. ഇപ്പോഴത്തെ മഞ്ഞണിഞ്ഞ കാലാവസ്ഥയിൽ പറയാനുമില്ല. 
വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മണാലി.  പ്രകൃതി സൗന്ദര്യം ആസ്വദിക്കുക എന്നതിനപ്പുറം സാഹസിക വിനോദങ്ങളിൽ ഏർപ്പെടുകയെന്നതാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ മുഖ്യ ലക്ഷ്യം. 
റോഡ് മാർഗം  മണാലിയിലേക്ക് യാത്ര ചെയ്യുന്നതാണ് ഉചിതം. ദൽഹിയിൽ നിന്ന് ഹിമാചൽ പ്രദേശ് ടൂറിസം കോർപറേഷന്റെ ബസുകൾ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ദൽഹിയിൽ നിന്ന് 15 മണിക്കൂർ ബസിൽ യാത്ര ചെയ്യണം മണാലിയിൽ എത്തിച്ചേരാൻ.
മണാലിയിലേക്ക് രാത്രികാല ബസ് സർവീസുകളാണ് കൂടുതലായും ഉള്ളത്.  ദൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെ ഹിമാചൽ പ്രദേശിൽ കുളു താഴ്‌വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. 
ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് മണാലി. കുളു  മണാലി എന്നു കേൾക്കാത്ത സഞ്ചാര പ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം. സമുദ്ര നിരപ്പിൽ നിന്നും 1950 മീറ്റർ ഉയരത്തിലാണ് കുളു ജില്ലയുടെ ഭാഗമായ മണാലി  സ്ഥിതി ചെയ്യുന്നത്. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്നും 250 കിലോമീറ്റർ ദൂരത്തിലാണ് മണാലി. പുരാണ കഥാപാത്രമായ മനുവിന്റെ പേരിൽ നിന്നുമാണ് ഈ പ്രദേശത്തിന് മനാലി എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്. 
മനോഹരമായ മലനിരകളും പ്രകൃതി ഭംഗിയുമാണ് മണാലിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവ മണാലി  യാത്രയിൽ സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്. 


സ്‌കൈ ലിഫ്റ്റിംഗിന് പേരുകേട്ട  സോലാംഗ് വാലിയാണ് മണാലിയിലെ പേരുകേട്ട മറ്റൊരാകർഷണം. ഇവിടെ വർഷം തോറും നടക്കുന്ന വിന്റർ സ്‌കൈയിംഗ് ഫെസ്റ്റിവൽ നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. മൗണ്ടൻ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മണാലിയിലെ ഒരു പ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്. 
മണാലിയിലെ മറ്റൊരു പ്രധാന ആകർഷണമാണ് വസിഷ്ഠ് ഗ്രാമം.  പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്. 300 ലധികം പക്ഷി വർഗങ്ങളും 30 ലധികം ജന്തു വർഗങ്ങളും ഇവിടെയുണ്ട്. മണാലിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത കേന്ദ്രമാണ് ജഗന്നാഥ ദേവിക്ഷേത്രം. 1500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമ്പാതയിലൂടെ 90 മിനിറ്റ് നടന്നാൽ മാത്രമേ ഈ ക്ഷേത്രത്തിൽ എത്താൻ കഴിയൂ. രഘുനാഥ ക്ഷേത്രമാണ് മണാലിയിലെ മറ്റൊരു പ്രധാന ആകർഷണം. സാഹസികരായ സഞ്ചാരികൾക്കും ആസ്വദിക്കാൻ ഏറെയുണ്ട് മണാലിയിൽ. മലകയറ്റവും മൗണ്ടൻ ബൈക്കിംഗും ട്രക്കിംഗും സ്‌കീയിംഗും പാരാഗ്‌ളൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദങ്ങൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം. വിമാനം, ട്രെയിൻ, റോഡ് മാർഗങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് മണാലി. മണാലിക്ക് 50 കിലോമീറ്റർ ദൂരത്താണ് ബുണ്ടാർ എയർപോർട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും ഈ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്ക് സർവീസുകളുണ്ട്. ജോഗീന്ദർ നഗറാണ് സമീപത്തുള്ള റെയിൽവേ സ്‌റ്റേഷൻ. 165 കിലോമീറ്റർ ദൂരത്താണിത്. ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷന്റെ ബസുകൾ സ്ഥലങ്ങൾ ചുറ്റിക്കാണാൻ  ലഭ്യമാണ്. മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് മണാലി  സന്ദർശനത്തിന് ഏറ്റവും അനുയോജ്യം.


മണാലി രണ്ട് പ്രദേശങ്ങളായാണ് തിരിച്ചറിയുന്നത്. മണാലി ടൗണും ഓൾഡ് മണാലിയും. ഓൾഡ് മണാലി സന്ദർശകരെ ആകർഷിക്കുന്ന പ്രധാന സ്ഥലമാണെങ്കിൽ മണാലി ടൗൺ ഷോപ്പിംഗ് പ്രിയർക്ക് ഏറെ പ്രിയങ്കരമായ സ്ഥലമാണ്.  മണാലിയിൽ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് റോഹ്താംഗ് പാസ്. മണാലിയിൽ നിന്ന് ഇവിടേക്ക് ടാക്‌സി സർവീസുകൾ ലഭ്യമാണ്.മണാലിയിലെ ഹോട്ടലുകൾ ഏറെ മെച്ചപ്പെട്ടതാണ്. അതിനാൽ താമസത്തെ കുറിച്ചോർത്ത് ടെൻഷനടിക്കേണ്ട. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോർട്ട് തുടങ്ങിയ ഹോട്ടലുകൾ കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ നൽകുന്നവയാണ്.സഞ്ചാരികൾക്ക് ചുറ്റിയടിക്കാൻ നിരവധി സ്ഥലങ്ങളുള്ള ഒരിടമാണ് മണാലി. ഹിമാലയൻ മലനിരകളുടെ പശ്ചാത്തല കാഴ്ചക്ക് പുറമെ മണാലിയെ സുന്ദരമാക്കുന്നത് ദേവതാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. സഹാസിക പ്രിയർക്ക് നല്ല വിരുന്നാണ് മണാലിയിൽ. 


വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയിൽ ഉള്ളത്. സാഹസിക വിനോദങ്ങൾ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകൾ ഇവിടെയുണ്ട്. 
മാർച്ച് അവസാനം മുതൽ ഒക്ടോബർ വരെയാണ് മണാലിയിൽ യാത്ര ചെയ്യാൻ നല്ല സമയം. ഒക്ടോബർ മുതൽ രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബർ മുതൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കുമെന്നതിനാൽ അതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

Latest News