ന്യൂദൽഹി- ഗുജറാത്തിലെ കലാപകാലത്ത് സർദാർപുരയിൽ സ്ത്രീകളും കുട്ടികളുമടക്കം 33 മുസ്ലിംകളെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആഴ്ചയിൽ ആറു മണിക്കൂർ സാമൂഹ്യ-ആധ്യാത്മിക സേവനം നടത്തണമെന്ന നിബന്ധനയോടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ജാമ്യം അനുവദിച്ചത്. കുറ്റവാളികൾക്ക് മധ്യപ്രദേശിൽ കഴിയാം. ഇവർക്ക് ഉപജീവനത്തിനുള്ള തൊഴിൽ പ്രാദേശിക ഭരണകൂടം കണ്ടെത്തി നൽകണമെന്നും ഇവരുടെ മാനസികാരോഗ്യത്തിന് മനഃശാസ്ത്ര കോഴ്‌സ് നൽകണം എന്നും ഉത്തരവിൽ പറയുന്നു. ഭോപ്പാൽ ലീഗൽ സർവ്വീസ് അതോറിറ്റിയോട് ഇവർക്ക് തൊഴിൽ നൽകാനും കോടതി നിർദ്ദേശിച്ചു. 17 പ്രതികളെയും രണ്ടു ഗ്രൂപ്പുകളായി തിരിക്കാനും ഒരു സംഘത്തെ ഇൻഡോറിലും രണ്ടാമത്തെ സംഘത്തെ ജബൽപൂരിലുമായി താമസിപ്പിക്കാനാണ് നിർദ്ദേശം. പ്രതികൾ ആറു മണിക്കൂർ ദിവസേന സാമൂഹ്യ സേവനം നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഇൻഡോർ, ജബൽപൂർ ജില്ലാ അധികൃതർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇവരുടെ പ്രവൃത്തികളുടെ റിപ്പോർട്ടു സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിൽ സർദാർപുര ജില്ലയിൽ വെച്ചാണ് 33 മുസ്‌ലിം മതവിശ്വാസികളെ തീ കൊളുത്തി കൊല്ലുന്നത്. കലാപത്തിൽ വീട്ടിലൊളിച്ചിരുന്ന മുസ്‌ലീങ്ങളെ ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്ന 17 പ്രതികളടങ്ങിയ ആൾക്കൂട്ടം വീടിന് തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഗുജറാത്ത് ഹൈക്കോടതി 14 പേരെ വെറുതെവിടുകയും 17 പേരെ പ്രതി ചേർക്കുകയുമായിരുന്നു.