ന്യൂദല്‍ഹി- ഇന്ത്യ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പരിഗണിക്കാനിരിക്കെ, യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് പ്രസിഡന്റിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സന്ദേശമയച്ചു. ഇന്റര്‍പാര്‍ലമെന്ററി യൂനിയന്‍ അംഗങ്ങള്‍ എന്ന നിലയില്‍ ജനപ്രതിനിധികളുടെ പരമാധികാര പ്രക്രിയകളെ മാനിക്കണമെന്ന് ഓം ബിര്‍ള അവകാശപ്പെട്ടു. പ്രമേയങ്ങള്‍ പരിഗണിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ പാസാക്കിയ നിയമം വിവേചനപരമാണെന്നും വലിയ അഭയാര്‍ഥി പ്രശ്‌നം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രമേയം ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, ഇന്ത്യ പാസാക്കിയ നിയമത്തെ ആഭ്യന്തര രാഷ്ട്രീയ കാര്യമായാണ് ഫ്രാന്‍സ് കാണുന്നതെന്ന് ഫ്രഞ്ച് നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു. 751 അംഗ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ 600 അംഗങ്ങളാണ് സി.എ.എക്കെതിരെ ആറ് പ്രമേയങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. സി.എ.എയെ ഇന്ത്യയുടെ പൗരത്വ നിയമത്തിലെ അപകടകരമായ മാറ്റമെന്നാണ് പ്രമേയത്തില്‍ വിശേഷിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജ്യാന്തരവേദികളിലും കേന്ദ്ര സര്‍ക്കാരിന് പുതിയ നിയമം തലവേദനയായിരിക്കുന്നത്.
ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരം രാജ്യവിരുദ്ധ ശക്തികള്‍ മറയാക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ത്രിവര്‍ണ പതാക വീശി നടക്കുന്ന സമരത്തിനു പിന്നില്‍ രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്നും നിശബ്ദ ഭൂരിപക്ഷത്തോടുള്ള വെല്ലുവിളിയാണ് റോഡ് തടസ്സപ്പെടുത്തിയുള്ള സമരമെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമരം നടത്തുന്ന ടുക്‌ഡെ ടുക്‌ഡെ ഗ്യാങിനു പിന്തുണ നല്‍കുകയാണെന്നും ഇരുവരും ഇക്കാര്യത്തില്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എ പ്രതിഷേധത്തിന്റെ മറവില്‍ മോഡിക്കെതിരായ പ്രതിഷേധമാണു നടക്കുന്നതെന്നും രവിശങ്കര്‍ പറഞ്ഞു.