Sorry, you need to enable JavaScript to visit this website.

യു.പിയിലെ പോലീസ് അതിക്രമം; ഹൈക്കോടതി റിപ്പോർട്ട് തേടി

ലഖ്‌നൗ - പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർ പ്രദേശിൽ കഴിഞ്ഞ മാസം പ്രതിഷേധിച്ചവർക്കു നേരെ ഉണ്ടായ പോലീസ് നടപടിയിൽ അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത ഏഴ് ഹരജികൾ പരിഗണിക്കവേയാണ് കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. കേസ് ഫെബ്രുവരി 17 ന് കോടതി വീണ്ടും പരിഗണിക്കും.
പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ ബറേലി, കാൺപൂർ, മീററ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പോലീസ് വെടിവെയ്പ്പിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ അധിക പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിട്ടും, ഒരു സംഭവത്തിൽ മാത്രമേ വെടിവെച്ചതായി പോലീസ് സമ്മതിക്കുന്നുള്ളു.
പൗരത്വ വിഷയത്തിൽ വൻ പ്രതിഷേധം നടക്കുന്ന സംസ്ഥാനത്ത് മുസ്‌ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് ആക്രമണം അഴിച്ചുവിടുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, പ്രതിഷേധങ്ങൾ അടിച്ചമർത്തുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്.


പ്രക്ഷോഭകരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ എത്ര പരാതികളാണ് ലഭിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടതെന്ന് ഒരു പരാതിക്കാരന്റെ അഭിഭാഷകനായ മെഹ്മൂദ് പ്രാച്ച പറഞ്ഞു.
എന്നാൽ ഇന്നലെ കോടതി മുമ്പാകെ അഞ്ച് സത്യവാങ്മൂലങ്ങൾ സർക്കാരിനുവേണ്ടി സമർപ്പിച്ചിരുന്നതായി സർക്കാർ അഭിഭാഷകരിൽ ഒരാളായ മനീഷ് ഗോയൽ വെളിപ്പെടുത്തി. ഇതിൽ കുറേക്കൂടി വിശദീകരണം ആവശ്യപ്പെടുകയാണ് കോടതി ചെയ്തത്. അക്രമത്തിനിടെ വെടികൊണ്ട് പരിക്കേറ്റ പോലീസുകാരുടെ വിശദാംശങ്ങളും ഞങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കുകളും ഹാജരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കലാപത്തിലും പോലീസ് നടപടിയിലും കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ അവരുടെ ബന്ധുക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുതവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.
കലാപത്തിനിടെ 60 പോലീസുകാർക്ക് വെടിയേറ്റുവെന്നാണ് യു.പി പോലീസ് അവകാശപ്പെടുന്നത്. എന്നാൽ അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുസഫർനഗറിൽ ഒരു പോലീസ് ഓഫീസർക്കുമാത്രമാണ് വെടിയുണ്ടയേറ്റതായി തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താനായതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

 

Latest News