സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; സ്വകാര്യമേഖലയെ പ്രകീര്‍ത്തിച്ച് മന്ത്രി

റിയാദ് - സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്ന് സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രി മുഹമ്മദ് അല്‍തുവൈജിരി പറഞ്ഞു. സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് ഈ നേട്ടം സാധ്യമായത്. പെട്രോളിതര മേഖലയില്‍ മികച്ച വളര്‍ച്ചാ നിരക്കാണുള്ളത്.
തൊഴില്‍ വിപണിയുടെ ആവശ്യങ്ങളുമായി ഒത്തുപോകുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ക്കും തൊഴില്‍ ശേഷി വാര്‍ത്തെടുക്കുന്നതിനും മന്ത്രാലയം മുന്‍ഗണന നല്‍കുന്നു. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷാവസാനം തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ കുറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതില്‍ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിര്‍മാണ മേഖല അടക്കമുള്ള പെട്രോളിതര മേഖല മികച്ച വളര്‍ച്ച കൈവരിച്ചു. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും മാനവശേഷി വികസന നിധി പദ്ധതികളും പ്രധാനമാണ്. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്ത് സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലക്ക് സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മുഹമ്മദ് അല്‍തുവൈജിരി പറഞ്ഞു.
മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് 65 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. നിലവില്‍ ഇത് 40 ശതമാനമാണ്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനും ഊന്നല്‍ നല്‍കുന്നു. സ്വകാര്യ, പൊതുമേഖലകളുമായുള്ള പങ്കാളിത്തത്തിലൂടെ ചുരുങ്ങിയത് 15 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.

 

Latest News