തലശ്ശേരി - നാലാം തരം വിദ്യാർത്ഥിയുടെ കരവിരുതിൽ തീർത്ത പുല്ലുവെട്ട് യന്ത്രത്തിന്റെ പ്രവർത്തന മാതൃക സഹപാഠികളിലും അധ്യാപകരിലും കൗതുകമുണർ ത്തി. ചിറക്കര ഗവ. എൽ. പി സ്‌കൂളിലെ നാലാം തരം വിദ്യാർത്ഥിയായ സൂര്യനന്ദ് ആർ. ആണ് ഈ കൊച്ചുമിടുക്കൻ. തന്റെ കയ്യിൽ കിട്ടുന്ന യന്ത്ര ഭാഗങ്ങളോട് സൂര്യനന്ദിന് എപ്പോഴും നല്ല താത്പര്യമാണ്. വീട്ടിൽ കിട്ടുന്ന ഇലക്‌ട്രോണിക്‌സ് കളിപ്പാട്ടങ്ങൾ അഴിച്ചും യോജിപ്പിച്ചും ഏറെ നേരം ചെലവഴിക്കുന്ന സ്വഭാവം ഈ കൊച്ചുമിടുക്കന് ഉണ്ടെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കുടക്കമ്പിയിൽ ബാറ്ററിയും സ്വിച്ചും അറ്റത്ത് ഒരു ബ്ലേഡും ഘടിപ്പിച്ച് നിർമ്മിച്ച ഈ കൊച്ചു പുല്ലുവെട്ടിയന്ത്രം കൊണ്ട് പുല്ലും ഇലയും അനായാസേന വെട്ടിയെടുക്കാനാവും. സ്‌കൂൾ മേളകളിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ തത്സമയ മത്സരങ്ങളിൽ സൂര്യനന്ദ് പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വർഷം ചിരട്ട കൊണ്ട് രൂപങ്ങളുണ്ടാക്കുന്ന മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ഈ വർഷം ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ മത്സരത്തിന് ഒരുങ്ങുകയാണ് ഈ കൊച്ചുപ്രതിഭ. പൊന്ന്യം മലാലിലെ രാജേന്ദ്രൻ-ലീന ദമ്പതികളുടെ മകനാണ് സൂര്യനന്ദ്.






