Sorry, you need to enable JavaScript to visit this website.

വൈറസ് ബാധ ചൈനീസ് ബിസിനസിന് തിരിച്ചടിയാവുന്നു

ഷാങ്ഹായ് - പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും അപകടകരമാംവിധം വർധിക്കവേ ചൈനീസ് ബിസിനസ് മേഖലയും തിരിച്ചടി നേരിട്ട് തുടങ്ങി. വൈറസ് പകരുന്നത് പരമാവധി തടയാൻ ചൈനീസ് പുതുവത്സരാവധി ഫെബ്രുവരി രണ്ട് ഞായറാഴ്ച വരെ നീട്ടിയിരിക്കുകയാണ് അധികൃതർ. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാൻ വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നവരോട് അങ്ങനെ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 


വൈറസ് ബാധയേറ്റവരുടെ എണ്ണം ഇന്നലെ ഒറ്റ ദിവസം കൊണ്ട് 30 ശതമനമാണ് കൂടിതയത്. 2744 പേർക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലേറെയും വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരമടങ്ങുന്ന ഹുബെയ് പ്രവിശ്യയാണ്. മരിച്ചവരുടെ എണ്ണം ഇന്നലെ വരെ 81 ആയി. 
അതിനിടെ, പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് ഇന്നലെ വുഹാനിലെത്തി. പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തശേഷം നഗരം സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന ചൈനീസ് നേതാവാണ് ലി. പ്രത്യേക പ്രതിരോധ വസ്ത്രങ്ങളും മാസ്‌കും ധരിച്ച് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി, രോഗികളുമായും ഡോക്ടർമാരുമായും ചർച്ച നടത്തി.


വൈറസ് ബാധയേറ്റ് മരിച്ചവരിൽ 76 പേരും ഹുബെയ് പ്രവിശ്യയിലാണ്. ചൈനയിലെ ഇതര ഭാഗങ്ങളിൽ അഞ്ച് പേരും മരിച്ചു. തെക്കൻ ദ്വീപ് പ്രവിശ്യയായ ഹെനാനിൽ ഇതാദ്യമായി മരണം റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ജപ്പാനും ഫ്രാൻസുമടക്കമുള്ള രാജ്യങ്ങൾ ഇന്നുമുതൽ വുഹാനിൽനിന്ന് തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങളിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. ഹുബെയ് പ്രവിശ്യയിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സന്ദർശിച്ചവർക്ക് ഹോങ്കോംഗ് പ്രവേശനം നിഷേധിച്ചു.  ഇതിനകം എട്ട് കേസുകൾ ഹോങ്കോംഗിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഇതുവരെ എവിടെയും മരണം സംഭവിച്ചിട്ടില്ല.


ചൈനയുടെ ട്രാവൽ ടൂറിസം മേഖലയെയാണ് വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ജനങ്ങൾ സാധാരണ വിനോദ സഞ്ചാരത്തിനും ബന്ധുക്കളെ സന്ദർശിക്കാനും പോവുന്ന വേളയാണ് പുതുവത്സര അവധിക്കാലം. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ബഹുഭൂരിപക്ഷം ചൈനക്കാരും യാത്രകൾ ഉപേക്ഷിച്ചു. ബസ്, ട്രെയിൻ, വിമാന യാത്രകൾക്ക് തിരക്ക് കുറവാണ്. ചൈനയിലേക്ക് വരുന്നവരുടെയും എണ്ണം കുറഞ്ഞു. ഇതെല്ലാം ചൈനീസ് സാമ്പത്തിക മേഖലക്ക് തിരിച്ചടിയാവുകയാണ്. ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാൻ നഗരം ഫലത്തിൽ ബാഹ്യലോകവുമായി ബന്ധം വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ബെയ്ജിംഗ്, ഷാങ്ഹായ് പോലുള്ള വൻ നഗരങ്ങളിലേക്കുള്ള ബസ്, ട്രെയിൻ സർവീസുകളും മുടങ്ങുന്നുണ്ട്.


ഇപ്പോഴത്തെ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ സുതാര്യമായിരിക്കണമെന്ന് ചൈനീസ് അധികൃതരോട് പല കോണിൽനിന്നും ആവശ്യമുയരുന്നുണ്ട്. 2002 ലെ സാർസ് ബാധയുടെ കാലത്ത് വിവരങ്ങൾ അധികൃതർ മറച്ചുവെച്ച സാഹചര്യത്തിലാണിത്. അന്ന് ചൈനയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി എണ്ണൂറോളം പേരാണ് മരിച്ചത്. സാർസിനെ പോലെ കടുത്ത പനിയും ജലദോഷവും ക്ഷീണവുമായാണ് ഇപ്പോഴത്തെ വൈറസ് ബാധയുടെയും ലക്ഷണങ്ങൾ.

 

Latest News