Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗിൽ ഭിന്നതയുണ്ടെന്ന വാർത്ത വാസ്തവ വിരുദ്ധം  -കെ.പി.എ മജീദ് 

കോഴിക്കോട് - എൽ.ഡി.എഫിന്റെ മനുഷ്യമഹാ ശൃംഖലയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിൽ ഭിന്നതയുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പ്രസ്താവനയിൽ അറിയിച്ചു. ശൃംഖലയിലേക്ക് വിവിധ സംഘടനകളിലെ നേതാക്കൾ പോയതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പി.കെ.കുഞ്ഞാലിക്കുട്ടി, പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് എതിരെ ആരു പ്രക്ഷോഭം നടത്തിയാലും അതിലേക്ക് അത്തരം ആളുകൾ പോയതിൽ അസ്വാഭാവികതയില്ലെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. 


പൗരത്വ നിയമത്തിനെതിരെയുള്ള പൊതു പരിപാടികൾ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുക എന്നത് മുസ്‌ലിം സംഘടനകളുടെ പൊതുവായ തീരുമാനമാണ്. കോഴിക്കോട് യു.ഡി.എഫ് സംഘടിപ്പിച്ച മലബാർ മേഖലാ റാലിയിലും കേരളത്തിൽ പ്രവർത്തിക്കുന്ന ഏതാണ്ട് എല്ലാ മതസംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു. മനുഷ്യശൃഖലയിലും ഇതുപോലെ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടാവാം. ഇപ്പോൾ സി.എ.എക്കെതിരെ നടക്കുന്ന പരിപാടിയിൽ എല്ലാവരും ഉണ്ടാകുമെന്ന പൊതു സ്വഭാവമുള്ള പ്രസ്താവനയാണ് എം.കെ.മുനീറും നടത്തിയത്. എന്നാൽ, അത് പ്രാദേശികമായ ഒരു നേതാവ് പങ്കെടുത്തതു സംബന്ധിച്ചല്ല.


എൽ.ഡി.എഫ് ഒരു പ്രക്ഷോഭം പ്രഖ്യാപിച്ച ശേഷം അതിലേക്ക് ക്ഷണിക്കുമ്പോൾ അതിൽ പങ്കെുടുക്കാൻ യു.ഡി.എഫിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ട്. പൊതുലക്ഷ്യം വെച്ച് സാധാരണക്കാർ പങ്കെടുക്കുന്നതും പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പങ്കെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്-കെ.പി.എ മജീദ് പറഞ്ഞു.
എന്നാൽ, തന്നോട് ശൃഖലയിൽ പോയതിനെ കുറിച്ചുള്ള പ്രചാരണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞു. ശ്രദ്ധയിൽ പെട്ടില്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി നടപടിയെടുക്കുമെന്നുമാണ് പ്രതികരിച്ചത്. ഇക്കാര്യത്തിൽ സംഘടനയിൽ രണ്ട് അഭിപ്രായമില്ല. ഇത്തരം നിസ്സാര കാര്യത്തെ പർവതീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാൻ മാത്രമെ ഉപകരിക്കൂവെന്നും കെ.പി.എ.മജീദ് വ്യക്തമാക്കി.

 

Latest News