Sorry, you need to enable JavaScript to visit this website.

പേരുദോഷം മാറ്റാൻ പേര് മാറ്റി  'കടന്നാകുടുങ്ങി' റോഡ്‌

മലപ്പുറം- നഗരത്തിലെ തിരൂർ റോഡിലുള്ള 'കടന്നാകുടുങ്ങി' എന്ന് പ്രസിദ്ധിയാർജിച്ച റോഡ് ഇനി അറിയപ്പെടുന്നത് പാലോളിക്കുന്ന് കെ.കെ.റോഡ്. മൂന്ന് പതിറ്റാണ്ട് മുമ്പ് അക്കാലത്തെ ഭരണാധികാരികൾ തീരെ കുറഞ്ഞ രീതിയിൽ 500 മീറ്ററോളം മാത്രം നീളത്തിൽ മറ്റേതെങ്കിലും റോഡുമായോ മറ്റോ ബന്ധിപ്പിക്കാതെ വഴിക്കുവെച്ച് നിർത്തിയതായിരുന്നു. ഇന്നത്തെ എം.പി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം മുനിസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് ഈ റോഡിന് വേണ്ടി ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ അക്കാലത്ത് ഇതിന്റെ പണി പൂർത്തീകരിക്കാതെ പോയി. അതിൽ പ്രതിഷേധിച്ച് അക്കാലത്തെ യുവതലമുറ ഈ റോഡിന് 'കടന്നാകുടുങ്ങി' റോഡ് എന്ന് പേരിട്ടു.
അതാകട്ടെ ഏറെ പ്രസിദ്ധിയാർജിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കാലം മാറിയപ്പോൾ പുതിയ തലമുറയിലെ ഫ്രീക്കന്മാർ എല്ലാം 'കടന്നാകുടുങ്ങി' എന്ന പേര് മാറ്റണം എന്നായി. അതിന്റെ അടിസ്ഥാനത്തിൽ അന്ന് 'കടന്നാകുടുങ്ങി' എന്ന് നാമകരണം ചെയ്തവരും  ഇന്ന് മധ്യവയസ്‌കതയിൽ എത്തിയവരുമായവരുടെ കൂട്ടായ്മ 'പാലോളിക്കുന്ന് കെ.കെ റോഡ്' എന്ന പുതിയ പേരിടുകയും ഒരു ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 


കടന്നാകുടുങ്ങി റോഡിന്റെ വീതി ഒരിഞ്ചുപോലും കൂടിയില്ലെങ്കിലും ഈ റോഡ് വിവിധ റോഡുകളുമായും മറ്റും ബന്ധിപ്പിക്കാൻ ആയതോടെ നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. അതിനിടെ സമീപ പ്രദേശത്തു നടന്ന ഒരു റോഡ് അപകടത്തോടെ ഈ റോഡിലും നിരവധി ഹമ്പുകൾ സ്ഥാപിക്കപ്പെട്ടു. അതോടെ ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങൾക്ക് ഇതിലൂടെയുള്ള യാത്ര വീണ്ടും ദുഷ്‌കരമായി. പുതിയ തലമുറ ആഗ്രഹിച്ചതുപോലെ പേരുമാറ്റം സഫലം ആയെങ്കിലും 'കടന്നാകുടുങ്ങി' എന്ന പഴയ നാമം അത്ര പെട്ടെന്നൊന്നും നാട്ടുകാരുടെ നാവിൽ നിന്ന് പോവില്ല എന്നാണ് നാട്ടിലെ മുതിർന്നവരുടെ അഭിപ്രായം.

 

Latest News