Sorry, you need to enable JavaScript to visit this website.

വിവാദത്തില്‍ കാര്യമില്ല; യു.ഡി.എഫ് പ്രകടനത്തില്‍ ഇടതുപ്രവര്‍ത്തകരും പങ്കെടുത്തു-കുഞ്ഞാലിക്കുട്ടി

മലപ്പുറം- പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ആളുകള്‍ പങ്കെടുക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം ഇടതുമുന്നണി നടത്തിയ മനുഷ്യമഹാശൃഖലയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തിന് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ത്തുന്നതില്‍ കാര്യമില്ല. പ്രക്ഷോഭം ആര് നടത്തുന്നുവെന്ന് നോക്കാതെ നിയമത്തിനെതിരെ പ്രതികരിക്കുകയാണ് ജനങ്ങള്‍ ചെയ്യുന്നത്. കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച റാലിയില്‍ നിരവധി ഇടതുമുന്നണി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പൗരത്വ നിയമത്തിനെതിരായ സമൂഹത്തിന്റെ പൊതുസമീപനമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിന് രാജ്യത്താകമാനം പിന്തുണ വര്‍ധിച്ചു വരികയാണ്. കേരളത്തിന് പുറമെ മറ്റു പല സംസ്ഥാനങ്ങളും നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ സഖ്യകക്ഷികളില്‍ പലരും നിയമത്തിനെതിരെ സംസാരിക്കുന്നു. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിന് ശക്തിപകരുന്ന കാര്യങ്ങളാണിതെല്ലാം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 30 ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ രാജ്യത്ത് ഉയരുന്ന പ്രതിഷേധം പ്രതിഫലിക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
കേരള ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം രമേശ് ചെന്നിത്തല അവതരിപ്പിച്ചത് യു.ഡി.എഫില്‍ ആലോചിച്ചാണ്. ഇതു സംബന്ധിച്ച് ഇടതുമുന്നണിയിലാണ് ആശയകുഴപ്പം കൂടുതലുള്ളത്.സര്‍ക്കാരിനെതിരെ പത്രസമ്മേളനം നടത്തി വിമര്‍ശനമുന്നയിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു.

 

 

Latest News