Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ വാദങ്ങള്‍ നടത്താന്‍ ടി.വി ചാനലില്‍ പോകൂ; മുതിര്‍ന്ന അഭിഭാഷകരോട് ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ

ന്യൂദല്‍ഹി- രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ നടത്താനും വാദങ്ങളില്‍ ജയിക്കാനും കോടതിമുറി ഉപയോഗിക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും  അഭിഭാഷകരോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ.

വാദപ്രതിവാദങ്ങള്‍ നടത്താന്‍ ടി.വി ചാനലുകളില്‍ പോകൂയെന്നും  ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോടും ബി.ജെ.പിക്ക് വേണ്ടി ഹാജരായ ഗൗരവ് ഭാട്ടിയയോടും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ബി.ജെ.പി നല്‍കിയ  പൊതുതാല്‍പര്യ ഹരജിയിലെ വാദങ്ങള്‍  ആരോപണപ്രത്യാരോപണത്തിലേക്ക് വഴിമാറിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.  പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നെന്നാരോപിച്ച് ബി.ജെ.പി വക്താവ് ഗൗരവ് ബന്‍സാലാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പൊതുതാല്‍പര്യ ഹരജി നല്‍കാനാകുമോയെന്ന് കോടതി പരിശോധിക്കണമെന്ന കപില്‍ സിബലിന്റെ വാദമാണ് രാഷ്ട്രീയ വാദങ്ങളിലേക്ക് കത്തിക്കയറിയത്.

നിങ്ങള്‍ രണ്ടുപേരും ടെലിവിഷന്‍ ചാനലില്‍ പോയി രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ നടത്തുന്നതാണ് നല്ലതെന്ന് ഈ ഘട്ടത്തില്‍ ഇടപെട്ട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകന്‍ ദുലാല്‍ കുമാറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി നാല് ആഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു.  

 

Latest News