Sunday , February   23, 2020
Sunday , February   23, 2020

ജനാധിപത്യം കരുത്താർജിക്കണമെങ്കിൽ...  

ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം ഏറ്റവും ആത്മാർത്ഥമായും കരുത്തോടെയും ഐക്യത്തോടെയുമാണ് ഈ വർഷം ബഹുഭൂരിപക്ഷം ജനങ്ങളും റിപ്പബ്ലിക് ദിനമാഘോഷിച്ചത്. അതു സ്വാഭാവികമാണുതാനും. 
ഇന്ത്യൻ റിപ്പബ്ലിക്കിനെ തന്നെ വെല്ലുവിളിച്ച് പൗരത്വത്തിനുള്ള മാനദണ്ഡമായി മതത്തെ പ്രതിഷ്ഠിക്കുക എന്ന സംഘപരിവാർ അജണ്ടക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഭരണഘടനാ മൂല്യങ്ങളും റിപ്പബ്ലിക് സന്ദേശങ്ങളും ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ചുള്ള ആഘോഷങ്ങൾ. ഒരു കാലത്തും പതിവില്ലാത്ത പോലെ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും തള്ളിക്കളഞ്ഞിരുന്ന വിപ്ലവ രാഷ്ട്രീയക്കാർ മുതൽ ആരാധനാലയങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ജനവിഭാഗങ്ങളാണ് റിപ്പബ്ലിക് ദിനസന്ദേശങ്ങളുമായി തെരുവിലിറങ്ങിയത്. ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകളാകട്ടെ, ഔദ്യോഗിക ആഘോഷങ്ങൾ ഗംഭീരമാക്കി. 


തീർച്ചയായും ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുമെന്നും മനുസ്മൃതി പുനഃസ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നുമുള്ള ഈ പ്രഖ്യാപനങ്ങൾ സ്വാഗതാർഹം തന്നെ. പക്ഷേ അതവിടെ അവസാനിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ ജനാധിപത്യ ശക്തികൾ വിജയിച്ചാലും പരാജയപ്പെട്ടാലും ഈ രാഷ്ട്രീയ സന്ദർഭം മുന്നോട്ടു വെക്കുന്ന ആശയങ്ങൾ നിലനിർത്താനും വികസിപ്പിക്കാനും കഴിയണം. അതിനായി പക്ഷേ ഈ പോരാട്ടത്തെ കേവലം പ്രതികരണമെന്നതിനു പകരം ആഴത്തിൽ രാഷ്ട്രീവൽക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം പക്ഷേ കാണുന്നില്ല. 


ഇന്നത്തെ ആകുലമായ  സാഹചര്യത്തെ മറികടക്കുന്നതിന് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയവും വിശാല ജനകീയ പ്രസ്ഥാനവും അനിവാര്യമായിരിക്കുന്നു. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന അഖണ്ഡ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവർത്തിത്വവും സാഹോദര്യവും നിലനിൽക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രമായി ഇന്ത്യ നിലനിൽക്കണം. വിഭവങ്ങളും സമ്പത്തും അധികാരവുമില്ലാത്ത ജനവിഭാഗങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് മാത്രമേ ഫാസിസത്തെ പ്രതിരോധിക്കാൻ കഴിയൂ. 
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നു പറയാറുണ്ട്. അതുപക്ഷേ ജനാധിപത്യത്തെ ഒരു ഭരണകൂട രൂപം മാത്രമായി കാണുന്നതിനാലാണ്. ആ അർത്ഥത്തിൽ അതു ശരിയുമാണ്. എന്നാലതു മാത്രമല്ല ജനാധിപത്യം. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം അംബേദ്കർ നിരന്തരമായി ചൂണ്ടിക്കാട്ടിയിരുന്ന മറ്റൊന്നുണ്ട്. അതാണ് സാമൂഹ്യ ജനാധിപത്യം. അതിലേക്ക് നാം തിരിച്ചുവരണം.


മനുഷ്യർ ആത്യന്തികമായി തുല്യരല്ല എന്നു പ്രഖ്യാപിക്കുന്ന തത്വസംഹിതയെ പേറുന്ന ഏക രാഷ്ട്രം ഇന്ത്യയായിരിക്കും. ജനനം കൊണ്ടു തന്നെ  അസമത്വമുള്ളവരാണെന്ന്, അതിനാൽ വിവേചനം അതിന്റെ ഭാഗമാണ് എന്നു ആത്മാർത്ഥമായി തന്നെ  നമ്മൾ വിശ്വസിക്കുന്നു. ഹിന്ദുത്വമെന്ന ബ്രാഹ്മണിക്കൽ സംവിധാനത്തിൽ അസമത്വത്തെ ദൈവ നിശ്ചയമായിട്ടായിരുന്നു കണ്ടിരുന്നത്. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ. സംഘപരിവാർ ശക്തികൾ മാത്രമല്ല, ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ളവർ അത്തരമൊരു ഇന്ത്യൻ സംസ്‌കാരത്തെ ഉദാത്തവൽക്കരിച്ചിട്ടുണ്ട്.

അംബേദ്കറായിരുന്നു അതിനെ നിഷേധിച്ചത്. ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ വന്നാൽ അതൊരു വൻ ദുരന്തമായിരിക്കും എന്ന് അന്നു തന്നെ അംബേദ്കർ പറഞ്ഞത് ഈ തിരിച്ചറിവിലായിരുന്നു. നമുക്ക് ബ്രിട്ടീഷുകാരാണ് ബ്രാഹ്മണ്യം നൽകിയതെന്നു പറഞ്ഞ ഗുരുവും ഉദ്ദേശിച്ചത് അതു തന്നെ. ഈയൊരു വിഷയത്തെ ഇനിയും  അഭിമുഖീകരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളി തിരിച്ചറിയാനാകില്ല. പ്രതികരണത്തിനപ്പുറം യഥാർത്ഥ രാഷ്ട്രീയത്തിലേക്ക് അതു കടക്കില്ല. ഈ ധർമ വ്യവസ്ഥയെ  തുല്യതയിലധിഷ്ഠിതമായ മറ്റൊരു ധർമ വ്യവസ്ഥ കൊണ്ട് മറികടക്കാനാകില്ലെങ്കിൽ ഇന്നത്തെ പോരാട്ടങ്ങളൊന്നും അന്തിമ ലക്ഷ്യത്തിലെത്തില്ല. ശബരിമല പ്രക്ഷോഭ കാലത്ത് എന്ജിനീയർമാരും ഡോക്ടർമാരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ള സ്ത്രീകൾ തങ്ങൾ പുരുഷന് തുല്യരല്ലെന്ന് പ്രഖ്യാപിച്ചതും പുരിക്ഷേത്രത്തിലെത്തിയ ഇന്ത്യൻ പ്രസിഡന്റിനെ പൂജാരി തടഞ്ഞപ്പോൾ അദ്ദേഹമത് അംഗീകരിച്ച് പരാതിയില്ലാതെ തിരിച്ചുപോയതുമൊക്കെ സാമൂഹ്യ ജനാധിപത്യമില്ലാത്ത ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിമിതിയാണ്.  മണ്ഡൽ കമ്മീഷനെതിരായ സമര കാലത്ത് പെൺകുട്ടികൾ വിളിച്ച ഒരു മുദ്രാവാക്യമുണ്ടായിരുന്നു. ംല റീി' േംമി േഷീയഹല ൈവൗയെമിറ െഎന്നായിരുന്നു അത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ സവർണർക്ക് തൊഴിലില്ലാതാകും എന്നായിരുന്നു അവരുദ്ദേശിച്ചത്. എങ്കിൽ ജോലിയുള്ള അവർണരെ അവർക്ക് വിവാഹം കഴിക്കാമല്ലോ. പറ്റില്ല. അതാണ് നമ്മുടെ പ്രശ്നം. 


ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലൂടെ മാത്രമല്ല, അസമത്വത്തിനെതിരായ ആഭ്യന്തര സമരങ്ങളിലൂടെയുമാണ് ഇന്ത്യ ജനാധിപത്യ രാഷ്ട്രമായത്. തത്വത്തിൽ എല്ലാവരും തുല്യരാണെന്നു പ്ര്യഖാപിച്ച്, അതു വരെയുള്ള നമ്മുടെ ജീവിതം കുറ്റകരമായിരുന്നു എന്നു പരോക്ഷമായി സമ്മതിച്ചായിരുന്നു ഇന്ത്യൻ ഭരണഘടന ഉണ്ടായത്. ആ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ഇന്നു ജനാധിപത്യവാദികൾക്കുള്ളത്.  അവിടെയാണ് ജനാധിപത്യം രാഷ്ട്രീയ രൂപത്തേക്കാൾ സാമൂഹ്യ രൂപം കൂടിയായി മാറണമെന്നു പറയുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കണം പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്. 
1955 ൽ പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഇന്ത്യയിൽ ഒരു സിവിൽ സമൂഹമുണ്ടാക്കാൻ ശക്തമായ രണ്ട് ആവശ്യങ്ങൾ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടു വെച്ചിരുന്നു. സാർവത്രിക വോട്ടവകാശവും മർദിതരുടെ പ്രത്യേക പ്രതിനിധാനവും.  കേവലം പൗരത്വം കൊണ്ടു മാത്രം ഒരു പ്രയോജനവുമുണ്ടാകില്ലെന്നും വൈവിധ്യമാർന്ന ജനതകൾക്ക്, വിശിഷ്യാ മർദിത വർഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രതിനിധാനം സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 


പ്രതിനിധാനമില്ലാതെ പൗരത്വം സാധ്യമല്ല എന്നതായിരുന്നു അംബേദ്കർ നിലപാട്. സമത്വമില്ലാതെ സ്വാതന്ത്ര്യവും സാഹോദര്യവുമില്ല എന്ന സാമൂഹിക ജനാധിപത്യ നിലപാടും അതിന്റെ തുടർച്ചയാണ്. പ്രത്യേക നിയോജക മണ്ഡല വാദവും ന്യൂനപക്ഷാവകാശവും സ്വയംഭരണവുമെല്ലാം അതിന്റെ ഭാഗമാണ്. കശ്മീർ, വടക്കുകിഴക്കൻ മേഖലകളിലെ ജനങ്ങൾ, ആദിവാസികൾ, പിന്നോക്കക്കാർ, മതന്യൂനപക്ഷങ്ങൾ ഇവർക്കെല്ലാവർക്കും ഇടമുള്ള ഒരു സാമൂഹിക ജനാധിപത്യമായി ഇന്ത്യയെ പരിവർത്തനപ്പെടുത്താൻ  അംബേദ്കർ ദർശനങ്ങളിലേക്ക് തിരിച്ചുവരണം. ആ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനുള്ള അവസരമായി ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ മാറണം. അല്ലാത്ത പക്ഷം പൗരത്വ നിയമത്തിനെതിരായ പോരാട്ടം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും സംഘപരിവാർ രാഷ്ട്രീയത്തിന് അനുഗുണമായ അന്തരീക്ഷം കൂടുതൽ ശക്തമാവുകയും ചെയ്യും എന്നു പറയാതെ വയ്യ.

Latest News