Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക്കും കയ്‌പേറിയ  ഇന്ത്യൻ യാഥാർഥ്യങ്ങളും  

എഴുപത്തൊന്നാം റിപ്പബ്ലിക് ദിനം കൂടി പിന്നിട്ടു. ഈ വേളയിൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും മൂല്യങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം ആത്മവിശകലനം നടത്തേണ്ട സാഹചര്യമാണിത്. 
തീവ്ര വലതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന ശക്തികൾ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി അധികാരത്തിൽ തുടരുന്നു. ജനങ്ങളെ സേവിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ അധികാരത്തിൽ എത്തിയത്. ഈ അധികാര മാറ്റം തികച്ചും നൂതനമായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. സ്വേഛാധിപതികളുടെ കരങ്ങളിൽ ജനാധിപത്യം നശിക്കുന്നു. വർഗീയത സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രീതി അവലംബിക്കുന്നു. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭൂരിപക്ഷ വാദം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്നു. ഇതിന് ഇപ്പോൾ ഇരയായത് ജവാഹർലാൽ നെഹ്‌റു സർവകലാശാല കാമ്പസാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ ജനാധിപത്യ മൂല്യങ്ങളും മുറുകെ പിടിക്കുകയും അതിൽ അധിഷ്ഠിതമായും പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ജെ.എൻ.യു. ഇതിനെ തകർക്കാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴത്തെ സർക്കാർ അവലംബിക്കുന്നു. എന്തിനു വേണ്ടിയാണോ സർവകലാശാല നിലകൊള്ളുന്നത് അതിനെ ഇല്ലാതാക്കുകയാണ് മോഡി സർക്കാറിന്റെ ലക്ഷ്യം.


വിവിധ വേഷപ്പകർച്ചകൾ സ്വീകരിക്കുന്ന ആഗോള സാമ്പത്തിക കുത്തകകളുടെ ഭരണമാണ് ഇന്ത്യയിലിപ്പോൾ തുടരുന്നത്. ഈ വേഷപ്പകർച്ചകൾ രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിയെ എല്ലാ അർത്ഥത്തിലും ഇല്ലാതാക്കുന്നു. 
സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ഭൂരിപക്ഷത്തെ സേവിക്കുക എന്നതല്ല മറിച്ച്, ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കുക എന്നതാണ് പുതിയ ഭേദഗതി നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാലങ്ങൾക്ക് മുമ്പ് ഇന്ത്യൻ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യപ്പെട്ട ജാതി, വർഗീയത തുടങ്ങിയവയെ തിരികെ എത്തിക്കുന്നു. മറുവശത്ത് ജനാധിപത്യത്തിന്റെ അടിത്തൂണുകൾ തകർക്കുന്നു. കൂടാതെ രാജ്യത്തെ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെയും ഇല്ലാതാക്കുന്നു. 


പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ദേശീയ പൗരത്വ പട്ടിക തയാറാക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ നടപ്പാക്കുന്നതിന് മുന്നോടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഭരണഘടന തയാറാക്കിയപ്പോൾ പൗരത്വ നിയമം ക്രോഡീകരിക്കുന്നതിന് മൂന്ന് മാസത്തെ സമയമെടുത്തു. എന്നാൽ ഇതിൽ ഭേദഗതി വരുത്താൻ മോഡി സർക്കാറിന് ആവശ്യമായി വന്നത് കേവലം 72 മണിക്കൂർ. ഇതിൽ പ്രതിഷേധിച്ചും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആസാദിയും ആവശ്യപ്പെട്ട് ജനങ്ങൾ തെരുവുകളിൽ നിർഭയരായി പ്രതിഷേധിക്കുന്നു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന സംഘ്പരിവാർ ലക്ഷ്യം നടപ്പാക്കുകയാണ് മോഡി സർക്കാറിന്റെ ശ്രമങ്ങൾ. ഇതിനായി രാജ്യത്ത് നിലനിൽക്കുന്ന ബഹുസ്വരത ഉൾപ്പെടെയുള്ള ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്നു. ഹിന്ദുത്വം എന്ന ഏക ആശയത്തിലാണ് ഇവർ മുറുകെ പിടിക്കുന്നത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഹിന്ദുത്വ ആശയങ്ങൾക്ക് മുന്നിൽ കീഴടങ്ങണമെന്നതാണ് ഇവരുടെ ആവശ്യം. നിയമത്തിന് മുന്നിൽ എല്ലാ ജനങ്ങളും തുല്യരാണെന്ന ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ് മോഡി സർക്കാറിന്റെ നിലപാടുകൾ. ഹിന്ദു ഇതര വിഭാഗങ്ങൾ തരംതാണവരാണെന്നും കുടിയേറ്റക്കാരാണെന്നും അവരെ ഒറ്റപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന വികാരം സൃഷ്ടിക്കാനുമാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്.


യുക്തിരഹിതമായ വെല്ലുവിളികൾ, അക്രമാസക്തമായ നിലപാടുകൾ എന്നിവക്ക് ഉപരിയായി ഹിന്ദുത്വം എന്ന ആശയം സംബന്ധിച്ച് സംഘ്പരിവാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഹിന്ദുത്വം, ഹിന്ദുയിസം എന്നീ പദങ്ങൾക്ക് മതപരമായ അർത്ഥതലങ്ങളുണ്ടെന്ന് സംഘ്പരിവാർ നേതാവായ വി.ഡി. സവർക്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുത്വം എന്ന പദത്തിന് വർഗീയമായ അർത്ഥവ്യാപ്തികളുണ്ട്. ഇതെല്ലാം തന്നെ വർഗീയത സൃഷ്ടിച്ച് ഒരു വിഭാഗത്തെ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തിനെതിരെ തിരിക്കാനുള്ള തന്ത്രങ്ങളാണ്. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ പോലും നിഷേധിക്കുന്നു. ജീവനോപാധികൾ പോലും നഷ്ടപ്പെടുന്നു.


രാജ്യത്തെ സമ്പദ്‌വ്യവസ്ഥ താറുമാറായി. വിദ്യാഭ്യാസം കൂടുതൽ ചെലവേറിയതാകുന്നു. ആരോഗ്യ പരിപാലന സംവിധാനങ്ങൾ പാവപ്പെട്ടവന് അന്യമാകുന്നു. ഇതാണ് ആഗോള സാമ്പത്തിക കുത്തകകൾ ഭരണത്തിൽ പിടിമുറുക്കുമ്പോഴുള്ള ഫലങ്ങൾ. ഇത് എല്ലാ അർത്ഥത്തിലും അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുന്നു. 
റിപ്പബ്ലിക് ദിനത്തിന്റെ എഴുപതാം വാർഷികം ആഘോഷിച്ച വേളയാണിത്. ഭരണഘടന പ്രാബല്യത്തിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നു. ഈ വേളയിൽ ഭരണഘടനയുടെയും അത് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെയും സംരക്ഷണത്തിനായി രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുവെന്നത് എന്തൊരു വിരോധാഭാസമാണെന്നോർക്കുക. 

Latest News