Sorry, you need to enable JavaScript to visit this website.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ സർവീസ് അവാർഡ് കെ.എൻ. ആനന്ദ കുമാറിനും പാലിയം ഇന്ത്യക്കും

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ മികച്ച സാമൂഹിക സംഘടനക്കുള്ള അവാർഡ് തിരുവനന്തപുരം പാലിയം ഇന്ത്യക്ക് വേണ്ടി ചെയർമാൻ പത്മശ്രീ ഡോ. എം.ആർ. രാജഗോപാലും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും ചെയർമാനുമായ  കെ. എൻ. ആനന്ദകുമാറും ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകി വരുന്ന അവാർഡ് ഫോർ എക്‌സലൻസ് ഇൻ സോഷ്യൽ സർവീസസിന്റെ ഈ വർഷത്തെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് തിരുവനന്തപുരം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും ചെയർമാനുമായ  കെ.എൻ. ആനന്ദകുമാറിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച സാമൂഹിക സംഘടനക്കുള്ള 2 ലക്ഷം രൂപയും ഫലകവും  തിരുവനന്തപുരം പാലിയം ഇന്ത്യക്ക് വേണ്ടി ചെയർമാൻ പത്മശ്രീ ഡോ. എം.ആർ. രാജഗോപാലും ഏറ്റുവാങ്ങി.
മെറിറ്റ് അവാർഡുകളും പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച പ്രവർത്തനത്തിനുള്ള വ്യക്തിഗത അവാർഡ് തിരുവനന്തപുരം സ്വദേശിനി എസ്. ലത നായർ, മലപ്പുറം സ്വദേശിനി എ. യാസ്മിൻ, പാലക്കാട് സ്വദേശികളായ സിഫിയ ഹനീഫ്, അലി പാലത്തിങ്കൽ, തൃശൂർ സ്വദേശി റവ. ഫാ. തോമസ് പൂപ്പാടി  എന്നിവർ നേടിയപ്പോൾ  സംഘടനാ വിഭാഗത്തിൽ എറണാകുളം ബട്ടർഫ്‌ളൈ കാൻസർ കെയർ ഫൗണ്ടേഷൻ, കോതമംഗലം സ്‌നേഹ സദൻ, മലപ്പുറം വെട്ടം കലാ സാംസ്‌കാരിക സമിതി, കണ്ണൂർ തിരുരക്താശ്രമം എന്നിവരും  അവാർഡ്  നേടി.  കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നുമാണ് ജഡ്ജിംഗ് കമ്മിറ്റി മികച്ച  സാമൂഹ്യ പ്രവർത്തകനെയും സംഘടനയെയും തെരഞ്ഞെടുത്തത്.   
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പാവപ്പെട്ടവർക്കും  പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ലാഭേഛയോ, സ്വാർത്ഥ താൽപര്യങ്ങളോ ഇല്ലാതെ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാലാമത് എക്‌സലൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡുകൾ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സാമൂഹിക സംഘടനാ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ   ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ് അവാർഡിനോടനുബന്ധിച്ച്  പ്രകാശനം ചെയ്ത ന്യൂസ് ലെറ്റർ വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ തുടങ്ങിയവരും പങ്കെടുത്തു.
 

Latest News