Sorry, you need to enable JavaScript to visit this website.

കൊറോണ: ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു

ആഗോള ഓഹരി വിപണികളിൽ ഊഹക്കച്ചവടക്കാർ പിടിമുറുക്കുന്നു, മാരകമായ ശ്വാസകോശ വൈറസ് വ്യാപനം ഇൻഡക്‌സുകളെ ഇളക്കി മറിച്ചു. ചൈനയിൽ കൊറോണ വൈറസ് കൂടുതൽ ജീവൻ അപഹരിക്കുമെന്ന ഭീതി പരക്കുകയാണെങ്കിലും മറ്റു രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുകയാണ്. ചൈനീസ് മാർക്കറ്റായ ഷാങ്ഹായിക്ക് ഒപ്പം  ഏഷ്യയിലെ മറ്റു പല ഇൻഡക്‌സുകളും തളർച്ചയിലേക്ക് നീങ്ങി, യു.എസ് യൂറോപ്യൻ മാർക്കറ്റുകളും ആശങ്കയിലാണ്. 
സ്വിറ്റ്‌സർലാൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ചൈനയിലെ വുഹാൻ നഗരത്തിലെ വൈറസ് പ്രശ്‌നം ചർച്ച ചെയ്തു. മുൻകരുതൽ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും ചൈനീസ് ഇറക്കുമതികളിൽ താൽക്കാലികമായി കടുത്ത നടപടികൾ സ്വീകരിക്കാൻ ഇടയുള്ളത് അവരുടെ ഷിപ്‌മെന്റുകളെ സാരമായി ബാധിക്കും. ചൈനയുടെ സാമ്പത്തിക വളർച്ചയെ ഇത് ചെറിയ അളവിൽ സ്വാധീനിക്കും. നേരത്തെ യു.എസ് ചൈന വ്യാപാര യുദ്ധം അവസാനിച്ചത് വൻ പ്രതീക്ഷയാണ് ഏഷ്യൻ രാജ്യങ്ങളിൽ ഉളവക്കിയത്. എന്നാൽ പുതിയ സംഭവ വികാസങ്ങൾ പുതിയ പ്രതിസന്ധികൾക്ക് ഇടയാക്കും. 
അമേരിക്കയിൽ എസ് ആന്റ് പി 500 ഓഹരി സൂചിക ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനെ വാരാന്ത്യം അഭിമുഖീകരിച്ചു. വൈറസ് ബാധ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കയിൽ തുടർച്ചയായ നാലാം ദിവസവും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. അതേ സമയം ഫണ്ടുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് വീണ്ടും സ്വർണത്തെ അഭയം പ്രാപിച്ചതോടെ സ്വർണ വില മുന്നേറി. നിഫ്റ്റി സൂചിക വാരത്തിന്റെ തുടക്കത്തിൽ മികവിലായിരുന്നു. 12,356 ൽ നിന്ന് സൂചിക 12,430 ലേക്ക് ഉയർന്നെങ്കിലും കഴിഞ്ഞ വാരം വ്യക്തമാക്കിയ 12,450 ലെ പ്രതിരോധം തകർക്കാനായില്ല. ഇതിനിടയിൽ നിക്ഷേപകർ മുൻനിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് കണ്ട് ഊഹക്കച്ചവടക്കാർ വിൽപനക്ക് മത്സരിച്ചു. ഇതോടെ നിഫ്റ്റി 12,087 പോയന്റ് വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം വീണ്ടും മികവ് കാണിച്ച് 12,228 ന് മുകളിൽ ഇടം കാണിച്ച് 12,048 ൽ ക്ലോസിങ് നടന്നു. 104 പോയന്റാണ് സൂചിക പോയവാരം താഴ്ന്നത്. 
ഈ വാരം 12,423 നെയാണ് നിഫ്റ്റി സൂചിക ഉറ്റുനോക്കുന്നത്. ബജറ്റ് വാരമായതിനാൽ ചാഞ്ചാട്ടം ശക്തമാക്കും, അതിലുപരി ജനുവരി സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ച നടക്കാനിരിക്കേ ഫണ്ടുകളുടെ ഓരോ നീക്കവും നിർണായകമാവും. ബജറ്റ് ദിനമായ ശനിയാഴ്ചയും മാർക്കറ്റ് പ്രവർത്തിക്കും. വിപണിക്ക് അനുകൂലമായ നിർദേശങ്ങൾ ബജറ്റിൽ പുറത്തു വന്നാൽ 12,598 ലെ പ്രതിരോധം തകർക്കാനുള്ള കരുത്ത് മാർക്കറ്റ്  കാണിക്കും. അതേ സമയം ആഗോള വിപണികളിൽ നിന്ന് നെഗറ്റീവ് വാർത്തകൾ പുറത്തു വന്നാൽ 12,080-11,912  ലേക്ക് നിഫ്റ്റി സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. 
ബോംബെ സെൻസെക്‌സ് 41,707 ൽ നിന്ന് റെക്കോർഡ് പ്രകടനത്തിലുടെ 42,273.87 ലേക്ക് കുതിച്ച അവസരത്തിൽ ഉടലെടുത്ത വിൽപന സമ്മർദത്തിൽ സൂചിക 41,059 ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 41,613 ലാണ്. 332 പോയന്റ് പ്രതിവാര നഷ്ടം. ഈ വാരം സെൻസെക്‌സിന് 42,23842,863 പോയന്റിൽ പ്രതിരോധവും 41,023-40,433 പോയന്റിൽ താങ്ങുമുണ്ട്. 
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. രൂപ 71.07 ൽ നിന്ന് 71.32 ലേക്ക് ഇടിഞ്ഞു. ഈ വാരം വിനിമയ നിരക്ക് 70.94-71.90  റേഞ്ചിൽ നീങ്ങാം.
 

Latest News