കൊല്‍ക്കത്ത- കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഉച്ചക്ക് രണ്ട് മണിക്ക് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് പ്രമേയം പാസാക്കിയത്.
ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍.
ബംഗാളില്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ലെന്ന് സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.
ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണെന്നും എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി ജനങ്ങള്‍ വരി നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമായിരുന്നു. കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും സി.എ.എക്കെതിരെ പ്രമേയം പാസാക്കി. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്.






