Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ 30 കേന്ദ്രങ്ങളില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം; ചിക്കാഗോയില്‍ മനുഷ്യശൃംഖല

വാഷിംഗ്ടണ്‍- അമേരിക്കയില്‍  ഞായറാഴ്ച നടന്ന ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ അനിഷ്ട സംഭവങ്ങളില്ലെങ്കിലും വിവിധ നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.  ധാരാളം ഇന്ത്യന്‍ അമേരിക്കക്കാര്‍ പ്രകടനങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുത്തു.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഇക്വാലിറ്റി ലാബ്‌സ്, ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ (ബിഎല്‍എം), ജ്യൂസ് വോയ്സ് ഫോര്‍ പീസ് (ജെവിപി) ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് തുടങ്ങി നിരവധി സംഘടനകള്‍ ഉള്‍പ്പെടുന്നതും അടുത്തിടെ രൂപീകരിച്ചതുമായ വംശഹത്യക്കെതിരായ മുന്നണിയാണ് 30 യുഎസ് നഗരങ്ങളില്‍ സിഎഎ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചത്.

സിഎഎക്കും  എന്‍ആര്‍സിക്കുമെതിരായ സമരങ്ങളെ ഇന്ത്യയില്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അതേസമയം, സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ധാരാളം സ്ത്രീകളാണ് സമര രംഗത്തുള്ളതെന്നും മഗ്സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡേ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു.  

ഇന്ത്യ അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെയാണ് പരിഗണിച്ചതെന്നും ഇന്ത്യക്കാരുടെ പൗരത്വത്തെ ബാധിക്കില്ലെന്നും വിശദീകരിച്ച് സി.എ.എ അനുകൂലിക്കുന്നവര്‍ എതിര്‍ പരിപാടികളും നടത്തി.
വിവിധ നഗരങ്ങളില്‍ സിഎഎ വിരുദ്ധ ബാനറുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ മുദ്രാവാക്യങ്ങളും മുഴക്കി സമാധാനപരമായ റാലികളും മാര്‍ച്ചുകളും നടന്നു.  നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍ റദ്ദാക്കണമെന്നും സിഎഎ പിന്‍വലിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ മതേതരത്വം അപകടത്തിലാണെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി.  

ഇന്ത്യന്‍ കോണ്‍സുലേറ്റുകളുള്ള ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലും എംബസിയുള്ള വാഷിംഗ്ടണിലും ഹിന്ദു, മുസ്ലിം, സിക്ക് ഐക്യ മുദ്രാവാക്യങ്ങള്‍ മുഴക്കി മാര്‍ച്ച നടത്തി. ഇവിടങ്ങളില്‍ മോഡി സ്വീകരിച്ച ധീരമായ നടപടിയെ പ്രകീര്‍ത്തിച്ചും ആളുകള്‍ രംഗത്തുവന്നു. എന്നാല്‍ സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ക്കുതന്നെ ആയിരന്നു മുന്‍തൂക്കം.  ഏറ്റവും വലിയ സിഎഎ വിരുദ്ധ സമ്മേളനം നടന്നത് ചിക്കാഗോയിലാണ്.  ഇവിടെ ധാരാളം ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുക്കുകയും നിരവധി മൈല്‍ നീളമുള്ള മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ചെയ്തു.
തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ വൈറ്റ് ഹൗസിനു സമീപത്തെ  പാര്‍ക്കില്‍ നിന്ന് ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തി.

 

 

Latest News