Sorry, you need to enable JavaScript to visit this website.

88 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍ നല്‍കി; ഒട്ടക മേളക്ക് സമാപനം

നാലാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയുടെ സമാപന ചടങ്ങ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയുടെ നാലാം പതിപ്പ് സമാപിച്ചു. റിയാദ് - റുമാഹ് റൂട്ടില്‍ 150 കിലോമീറ്റര്‍ അകലെ സയാഹ്ദ ഡിസ്ട്രിക്ടിലെ അല്‍ദഹ്ന മരുഭൂമിയിലൊരുക്കിയ പ്രത്യേക വേദിയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
വേദിയിലെത്തിയ രാജാവിനെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, മന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, കാമല്‍ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ സ്വീകരിച്ചു.
ബര്‍ഖുല്‍ മുഅസ്സിസ്, സൈഫുല്‍ മലിക്, ശല്‍ഫാ വലിയ്യുല്‍ അഹ്ദ് സമ്മാനങ്ങള്‍ക്കര്‍ഹരായ ഒട്ടകയുടമകള്‍ക്ക് രാജാവ് സമ്മാനങ്ങള്‍ നല്‍കി. ഡിസംബര്‍ 15 ന് തുടങ്ങിയ ഒട്ടക മേളയില്‍ നിറമനുസരിച്ച് മജാഹിം, വദഹ്, ശഅല്‍, സിഫ്‌റ്, ശഖഫ്, ഹുംറ് എന്നിങ്ങനെ ആറിനം ഒട്ടകങ്ങള്‍ പങ്കെടുത്ത സൗന്ദര്യ മത്സരം അടക്കം വിവിധ മത്സരങ്ങള്‍ നടന്നിരുന്നു. 88 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് ജാബിര്‍ അല്‍സബാഹ്, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ബഹ്‌റൈന്‍ രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഖലീഫ, ഒമാന്‍ സ്‌പോര്‍ട്‌സ് മന്ത്രി ശൈഖ് സഅദ് മുഹമ്മദ് അല്‍സഅദി, ശൈഖ് സുല്‍ത്താന്‍ അല്‍ഥാനി, ശൈഖ് മുബാറക് അല്‍ഥാനി, ശൈഖ് ജാസിം ഖലീഫ അല്‍ഥാനി, ശൈഖ് ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഥാനി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

 

 

Latest News