Sorry, you need to enable JavaScript to visit this website.

ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ, തുക പതിനായിരം രൂപ

മുഹമ്മദ് ഹനീഫയും ആയിശയും

കാസർകോട്- പാവൂർ കിദമ്പാടിയിലെ മരവ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ആയിശയെയുംകാമുകൻ മുഹമ്മദ് ഹനീഫയെയും കോടതി റിമാൻഡ് ചെയ്തു. ഇസ്മായിലിനെ കൊലപ്പെടുത്താൻ ആയിശ 10,000 രൂപ ക്വട്ടേഷൻ നൽകിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കാമുകൻ മുഹമ്മദ് ഹനീഫ(42)യാണ് കൊലയുടെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
ഇസ്മായിലിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഹനീഫ. ഇതേച്ചൊല്ലി ഇസ്മായിൽ പല പ്രാവശ്യം തർക്കിക്കുകയും വീട്ടിൽ വരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഒരു തവണഹനീഫയെ ഇസ്മായിൽ മർദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇസ്മായിലിനെ കൊലപ്പെടുത്താൻ ഭാര്യ പദ്ധതിയിട്ടത്. എങ്ങനെയെങ്കിലും ഇസ്മായിലിനെ കൊലപ്പെടുത്തണമെന്നും ഇല്ലെങ്കിൽ ബന്ധത്തിന് തടസ്സമാകുമെന്നും ഹനീഫയോട് ആയിശ പറഞ്ഞിരുന്നു. ഹനീഫയുടെ സുഹൃത്തായ മഞ്ഞനാടി സ്വദേശിയോട് സംഭവം പറയുകയും മറ്റൊരു സുഹൃത്തിനെ കൂടി ഒപ്പം കൂട്ടി കൊലപാതകത്തിൽ പങ്കാളിയാക്കുകയും ചെയ്തുവെന്നാണ് വിവരം. 
സംഭവ ദിവസം രാത്രി മൂന്നുപേരും കുറ്റിക്കാട്ടിൽ ഇരുന്ന് മദ്യപിക്കുകയും പിന്നീട് പുലർച്ചെ 12 മണിയോടെ ഹനീഫ, ആയിശയെ ഫോണിൽ വിളിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. മഞ്ഞനാടി സ്വദേശിയും ഹനീഫയും വീട്ടിനകത്ത് കയറി. സുഹൃത്തിനെ വീട്ടുപരിസരം നിരീക്ഷിക്കാൻ ഏൽപിച്ചു. മഞ്ഞനാടി സ്വദേശിയും ഹനീഫയും ചേർന്ന് ഇസ്മായിലിനെ കഴുത്തിൽ കയറ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രാവിലെ നാട്ടുകാരെ വിളിച്ചു വരുത്തി ഭർത്താവ് ഹൃദയാഘാതംമൂലം മരിച്ചുവെന്ന് പറയണമെന്ന് ആയിശയോട് നിർദേശിച്ചാണ് സംഘം മടങ്ങിയത്. ഹനീഫ ഗൾഫിൽ പോകുന്നതിനായി വിസ കൈവശപ്പെടുത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാർ വിമാനത്താവളങ്ങളിൽ ഇത് സംബന്ധിച്ച് വിവരം നൽകി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് ഹനീഫ കാസർകോട്ടുള്ളതായി മനസ്സിലായത്. ഇവിടെ വെച്ച് പിടികൂടുകയായിരുന്നു. ഗൾഫിലേക്ക് കടക്കാൻ വേണ്ടിയാണ് കാസർകോട്ടെത്തിയതെന്ന് ഹനീഫ പോലീസിനോട് പറഞ്ഞു. മറ്റു രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യാൻ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Latest News