Sorry, you need to enable JavaScript to visit this website.

രൂപശ്രീയുടെ മൃതദേഹവുമായിഅധ്യാപകനും  സുഹൃത്തും സഞ്ചരിച്ചത് 90 കിലോമീറ്റർ 

കാസർകോട്- മിയാപദവ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ചികൂർപാതയിലെ രൂപശ്രീയെ (40) കൊലപ്പെടുത്തിയ ശേഷംസഹ അധ്യാപകനും സുഹൃത്തും ചേർന്ന് കാറിന്റെ ഡിക്കിയിൽ പൊതിഞ്ഞുവെച്ച് സഞ്ചരിച്ചത് 90 കിലോമീറ്റർ.മിയാപദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ വെങ്കിട്ടരമണ കരന്തര (50), സുഹൃത്ത് നിരഞ്ജൻ (30) എന്നിവർ ഹൊസങ്കടി എത്തി മംഗളൂരുവിൽ കല്യാണത്തിന് പോയിരുന്ന ഭാര്യയെയും മക്കളെയും കയറ്റി കുറെ ദൂരം യാത്ര ചെയ്തു വീട്ടിൽ എത്തിച്ച ശേഷമാണ് മൃതദേഹം കടപ്പുറത്ത് കൊണ്ടുപോയി തള്ളിയത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ തന്നെ പ്രതികളെ കാസർകോട് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകിയതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാർ പറഞ്ഞു. അധ്യാപകന്റെ വീട്ടിലും കടപ്പുറത്തും പ്രതികളെയുമായി തെളിവെടുപ്പ് നടത്തും. അധ്യാപികയെ മുക്കിക്കൊല്ലാൻ ഉപയോഗിച്ച വീപ്പയും മറ്റ് ഉപകരണങ്ങളും അടക്കമുള്ള തെളിവുകൾ കണ്ടെടുക്കണം. രൂപശ്രീയുടെ കൊലപാതകം ആസൂത്രിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്.ജനുവരി 16 ന് പതിവുപോലെ സ്‌കൂളിലേക്ക് പോയ രൂപശ്രീയെ ഉച്ചക്ക് 2.30 മണിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും അറിയിച്ച് വെങ്കിട്ടരമണ ഫോണിൽ വിളിച്ചിരുന്നു. 
ഇതേ തുടർന്ന് സ്‌കൂട്ടറിൽ സ്‌കൂളിൽ നിന്ന് പുറപ്പെട്ട രൂപശ്രീ ദുർഗിപ്പള്ളയിൽ എത്തി സ്‌കൂട്ടർ അവിടെ നിർത്തിയിടുകയും വെങ്കിട്ട രമണയുടെ കാറിൽ കയറുകയും ചെയ്തു. വെങ്കിട്ടരമണയുടെ വീട്ടിലെത്തിയതോടെ ഇയാൾ രൂപശ്രീയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടക്കുകയും മറ്റൊരാളുമായി ബന്ധം പുലർത്തുന്നതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് വെങ്കിട്ടരമണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ വഴങ്ങിയില്ല. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ വെങ്കിട്ടരമണ രൂപശ്രീയെ മർദിച്ചു. ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച രൂപശ്രീയെ ആ വീട്ടിൽ അത്രയും സമയം ഒളിച്ചിരിക്കുകയായിരുന്ന കാർ ഡ്രൈവറും വെങ്കിട്ടരമണയുടെ സുഹൃത്തുമായ നിരഞ്ജൻ തടഞ്ഞു. തുടർന്ന് ഇരുവരും രൂപശ്രീയെ ബലമായി കുളിമുറിയിലെത്തിച്ച് അവിടെയുണ്ടായിരുന്ന വെള്ളം നിറച്ച വീപ്പയിൽബലമായി മുഖം താഴ്ത്തിപ്പിടിച്ചു. മരണ വെപ്രാളത്തിൽ കുതറിമാറിയ രൂപശ്രീ ഓടുന്നതിനിടെ കാൽ വഴുതി വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. രൂപശ്രീയെ താങ്ങിയെടുത്ത് കുളിമുറിയിൽ കൊണ്ടുപോയി വെള്ളത്തിൽമുഖം താഴ്ത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ചാക്ക് കൊണ്ട് മറച്ച് കാറിന്റെ ഡിക്കിയിൽ കയറ്റി. അപ്പോഴേക്കും സമയം വൈകിട്ട് 6 മണിയായിരുന്നു. ഇതിനിടയിൽ വെങ്കിട്ടരമണയുടെ ഭാര്യ ഫോണിൽ വിളിച്ച് താനും മക്കളും ഹൊസങ്കടിയിലുണ്ടെന്നും കൂട്ടിക്കൊണ്ട് പോകാൻ വരണമെന്നും ആവശ്യപ്പെട്ടു. ഡിക്കിയിൽ അടച്ച മൃതദേഹവുമായി വെങ്കിട്ടരമണ ഇതേ കാറിൽ ഹൊസങ്കടിയിലെത്തുകയും ഭാര്യയെയും മക്കളെയും കൂട്ടി വീട്ടിലെത്തുകയും ചെയ്തു. രാത്രി 7 മണിയോടെ കർണാടകയിൽ ഒരു പൂജയുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയ വെങ്കിട്ട രമണ നിരഞ്ജനെയും കൂട്ടി മൃതദേഹമുള്ള കാറിൽ വീണ്ടും പുറപ്പെട്ടു. കണ്വതീർഥ കടലിൽ മൃതദേഹം തള്ളാനായിരുന്നു ലക്ഷ്യം. കാർ ദുർഗിപ്പള്ളയിൽ എത്തിയപ്പോൾ ഒരു പൂജയിൽ സംബന്ധിക്കണമെന്ന് പറഞ്ഞ് അധ്യാപകന് വിടഌിൽനിന്ന് ഫോൺ  വന്നു. മൃതദേഹം സഹിതം കാറുമായി അവിടെയെത്തിയെങ്കിലുംപൂജ മാറ്റിവെച്ചതായി അറിയിച്ചു. തിരിച്ചുവന്ന്ഈ കാർ ബി.സി റോഡിലൂടെയും മംഗളൂരു പടിലു വഴിയും കറങ്ങി നേത്രാവതി പുഴയോരത്ത് കൂടി സഞ്ചരിച്ചു. നേത്രാവതി പുഴയിൽ മൃതദേഹം തള്ളാൻ ഒരുങ്ങിയെങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല. പിന്നീട് നേരെ കണ്വതീർഥയിലേക്ക് വന്ന് രാത്രി 12 മണിയോടെ മൃതദേഹം കടലിൽ തള്ളുകയായിരുന്നു. 90 കിലോമീറ്ററോളമാണ് രൂപശ്രീയുടെ മൃതദേഹവുമായി പ്രതികൾ കാറിൽ സഞ്ചരിച്ചത്.

Latest News